2014, നവംബർ 24, തിങ്കളാഴ്‌ച

കാത്തിരിപ്പുകള്‍

കാത്തിരിപ്പുകള്‍ 

പകലാം താംബൂലം 
മുറുക്കി ചുവന്ന സന്ധ്യ 
പടിഞ്ഞാറ് വാനില്‍ 
നീട്ടി തുപ്പുന്നു....!!

എണ്ണയും കുഴമ്പുമേറെ 
പുരണ്ടിട്ടും 
കാലു കുഴഞ്ഞൊരു
മരകട്ടിലിപ്പോഴും 
ദുരിതം പേറുന്നു...!!  

ജീവിത സായാഹ്നത്തി-
ലേകനായൊരു ചാരുകസേര
കിഴക്കെക്കോലായില്‍ 
മോക്ഷം തിരയുന്നു...!!

മൂന്നാം കാലായി നടന്നഗ്രം 
തേഞ്ഞൊരു കാലന്‍ കുട 
ഉമ്മറത്തിണ്ണയില്‍  
കാവലിരിക്കുന്നു...!!

രാമായാത്ത  
പൂജാ മുറിയിലൊരു 
രാമായണം മോക്ഷകാണ്ഡം 
തേടി താളുമറിക്കുന്നു..!!

കാത്ത് കാത്ത് കണ്ണുപൂത്ത 
വാല്‍ ക്കിണ്ടി 
ചവുട്ട് പടിയില്‍ 
സ്വയം കാലുകഴുകുന്നു..!!

തെക്കേ തൊടിയി-
ലക്ഷമനായൊരു 
വൃദ്ധന്‍ മാവിപ്പോഴും 
പച്ചകാക്കുന്നു..!!

ഒറ്റപ്പെടലിന്റെ 
തേങ്ങലടക്കി 
ആറടിമണ്ണ് 
അവകാശിയെ തേടുന്നു..!!

തൊണ്ടയില്‍ കുരുങ്ങിയ 
കൂവലൊഴിക്കുവാന്‍   
കാലന്‍ കോഴി 
കൊക്ക് കുടയുന്നു..!!

കരവിളിയും 
കാതോര്‍ത്തൊരു 
ബലിക്കാക്ക കൂട്ടിലു-
റക്കമിളയ്ക്കുന്നു..!!

കാത്തിരിപ്പിന്‍ കദന-
മറിയാതിപ്പോഴും 
ചിത്രഗുപ്തന്‍ 
കണക്കുകള്‍ തിരയുന്നു..!!

ജഗദീഷ് കോവളം

2014, നവംബർ 15, ശനിയാഴ്‌ച

മുഖമകന്നവര്‍

മുഖമകന്നവര്‍  

പകലുകള്‍ അവള്‍ക്ക് 
അന്യമായിരുന്നു..!!
അവളുടെ പകലുകള്‍ക്ക്‌ 
പ്രകാശമില്ലായിരുന്നു...!!
 ബന്ധങ്ങളും ബന്ധുക്കളും 
ഇല്ലായിരുന്നു....!!
പടിക്കുപുറത്ത് 
പാദരക്ഷകളും...!!

പകലുകളില്‍ 
അപരിചിതയായവള്‍..!! 
പകലുകള്‍ക്കും
അപരിചിതയവള്‍...!!
അവള്‍ക്ക് 
മുഖമുണ്ടായിരുന്നില്ല...!!
പേരും....!!

ഇരുളു വീഴുമ്പോള്‍ 
അവളില്‍ പകല്‍ ജനിക്കും..!!
അവള്‍ക്കു ബന്ധങ്ങളുണ്ടാകും 
ബന്ധുക്കളും...!!
മാറ് നുണഞ്ഞ വായ
"മോളേ'യെന്നു വിളിക്കുമ്പോള്‍ 
അവളോരേ സമയം 
അമ്മയും മകളുമാകും..!!
മാംസ ദണ്ടുകള്‍ക്കവള്‍ 
ഭാര്യയും കാമുകിയുമാകും..!! 

അവള്‍ക്ക് ഒട്ടേറെപ്പേരുണ്ടാകും..!!
പേരുകളും..!!

അപ്പോഴും അവള്‍ക്കു-
മുഖമുണ്ടായിരുന്നില്ല..!!
കിനിഞ്ഞു കത്തുന്ന    
മണ്ണെണ്ണ വെളിച്ചത്തില്‍ 
ആരും അവളുടെ മുഖം തിരഞ്ഞില്ല..!!
അവളും.....!!

മാറിലെ നഖക്ഷതങ്ങള്‍ക്കൊ..
കാലിടുക്കുകള്‍ കവിയുന്ന 
ഇനിയും മരിക്കാത്ത ബീജവാഹികളാം
ലാവ പ്രവാഹത്തിനോ  
അവളവകാശികളെ തിരഞ്ഞില്ല...!! 
കാരണം...
അവള്‍ക്കു മാത്രമല്ല....  
അവകാശികള്‍ക്കും
മുഖമുണ്ടായിരുന്നില്ല..!!

ജഗദീഷ് കോവളം      

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കഴുമരച്ചുവട്ടിലെ കണ്ണുകള്‍

കഴുമരച്ചുവട്ടിലെ കണ്ണുകള്‍ 

ചത്തിട്ടും ചലിക്കുന്നുണ്ട് ..!!
ഈറനകന്ന് വിളറി വെളുത്ത്
തുറിച്ചിരിക്കുന്നു ...
ചത്ത മീനിന്റെ കണ്ണുപോലെ..!!

വിഹ്വലത ഉണര്‍ത്തുമ്പോഴും
നിസ്സഹായതയുടെ പീളകള്‍..
ചേര്‍ത്തമര്‍ത്തുന്നിമകളെ...!!

ഇടംവലം ചലിക്കുന്ന
തലയ്ക്കൊപ്പം
പരതുന്നുണ്ട്..
ഇടതടവില്ലാതെ ...!!

വെളിച്ചമകന്നെന്നാലും..
ഇരുള്  മൂടിയിട്ടില്ല..!!

ഗര്‍ഭത്തില്‍ മരിച്ചതോ..
ഗ്രഹണം മറച്ചതോ ...
പ്രതീക്ഷാ കിരണങ്ങള്‍
ഉദയം മറന്നതോ ...!!

നിര്‍ജലങ്ങലാണ്...
നിര്‍വികാരത പോലും
വേരറ്റ മരം പോലെ... !!

തൃസന്ധ്യയിലെ
ഇലയനക്കങ്ങള്‍ പോലെ
ഇമയനക്കങ്ങള്‍...!!

നഷ്ട ബോധമോ...
കുറ്റ ബോധമോ....
കണ്‍ തടങ്ങളില്‍
വരപ്പതീ കാളിമ..!!

ജഗദീഷ് കോവളം 

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

കണ്ണുകള്‍ പറയുമ്പോള്‍

കണ്ണുകള്‍ പറയുമ്പോള്‍ 

പറഞ്ഞതൊക്കെയും 
നിന്റെ കണ്ണുകളായിരുന്നു..!!
കറുത്തതും വെളുത്തതും..
കരഞ്ഞതും ചിരിച്ചതും..
നീ...
കാത്തുവച്ചതൊക്കെയും 
കണ്ണുകളില്‍  ആയിരുന്നു..!!

ഇഷ്ടാനിഷ്ടങ്ങളും,
വികാര വിചാരങ്ങളും, 
വായിച്ചറിഞ്ഞതും നിന്‍ 
മിഴികളില്‍ നിന്നല്ലോ..!!

നിന്റെ കണ്ണുകളുടെ 
ആഴവും പരപ്പും
അമ്പരപ്പിച്ചിട്ടുന്റെന്നെ..!!

ആഴിയിലേറെ നിഗൂഢതകളാ-
കറുപ്പിലും വെളുപ്പിലും
'സപ്ത വര്‍ണ്ണങ്ങളില്‍'  
തെളിയിച്ചൊളിപ്പിച്ചതും
ഒളിപ്പിച്ചു തെളിയിച്ചതും..
മൗനമായ് മൊഴിഞ്ഞതും 
മോഹം മുളപ്പിച്ചതും..
പറയാതെ പറഞ്ഞതും..
ഒക്കെയും നിന്‍
കണ്ണുകളായിരുന്നു.. !!

ഒടുവിലൊരു ദിനം 
ഒരു തുള്ളി നീരിനാ-
ലൊക്കെയും നീ 
ഒഴുക്കിക്കളഞ്ഞപ്പോള്‍
ശൂന്യമായ നിന്‍ മിഴികളില്‍
ഞാന്‍ തിരഞ്ഞത് ..
എന്നെയായിരുന്നു..!!

നിന്റെ കണ്ണുകള്‍ 
പറഞ്ഞതൊക്കെയും 
പകര്‍ത്തിയെഴുതിയ ..
എന്നെ ...!!!

ജഗദീഷ് കോവളം  

2014, ജൂലൈ 19, ശനിയാഴ്‌ച

അഭിനവകാലനപേക്ഷ ക്ഷണിക്കുന്നു..!!

അഭിനവകാലനപേക്ഷ ക്ഷണിക്കുന്നു..!! 

കൊല്ലാന്‍ വന്നാലും 
നിങ്ങള്‍.... 
കൊല്ലാന്‍ വന്നാലും ...
കൊലക്കു കൂലി കൂട്ടി 
ക്ഷണിപ്പത്  നീതിപീഠം..!!

കാലാന്തരത്തില്‍ നീ ..
കാലനായ് മാറൂ...!!
കാലനാനുകൂല്യങ്ങ-
ളിന്നേറെയല്ലോ ....!!

കൂലിയും പെന്‍ഷനും
പ്രോവിടന്ട്ട്  ഫന്ടുമായ്‌...
അഭിനവ കാലനപേക്ഷ-
ക്ഷണിക്കുന്നു...!!

കാലനാവാനിപ്പോള-
പേക്ഷിക്കാം...!!
"ആരാച്ചാരെന്ന" തസ്തികയില്‍..!!
കായികക്ഷമത പരീക്ഷണത്തില്‍ ജാതി-
സംവരണം കാലനുമുന്റാവും..!! 

മുന്‍ പരിചയമഭികാമ്യമാകും...!!
എഴുത്തു പരീക്ഷയില്ല...!!
കുരുക്കിടാനറിഞ്ഞിരിക്കണം..!!

നായര്‍ക്കും നമ്പൂരിക്കും 
പുലയനും പറയനുമപേക്ഷിക്കാം...!!
നിയമനം നേടിയാല്‍ 
മുന്നോക്കക്കാലനില്ല ..
പിന്നോക്കക്കാലനും ... !!

സ്ഥിതി സമത്വത്തില്‍ 
വെറും കാലന്‍ മാത്രം....!! നീ.... 
വെറും കാലന്‍ മാത്രം ..!!  

കാലത്തിന്‍ കണക്കെഴുത്തും 
ചിത്രഗുപ്തനും നിനക്കന്യര്‍..!!
കണ്ണ്കെട്ടിയ വിധിയിന്‍ 
വഴിക്കുനീ ഗമിക്ക ....!!

പോത്തിന്‍ പുറമേറന്ടയെന്നാലും 
കാലപാശം ചമച്ചീടണം നീ...!!

*ഉദാര നിയമനമെന്നിരിക്കിലും 
അപേക്ഷകര്‍ വിരളമത്രേ ...!!

"വെട്ടത്തില്‍ കൊല്ലാനാവില്ലയെന്നതും 
കൊലപാതകിപ്പട്ടം കിട്ടില്ലയെന്നതും"
ന്യൂനതാ പട്ടികയിലിടം തേടിയെന്നും 
കൊല്ലുന്നതല്ല , ചാവുന്നതാണിന്നിന്‍-
ട്രെന്റെന്നും പറഞ്ഞൊഴിയുന്നപേക്ഷകര്‍...!!! 

ജഗദീഷ് കോവളം

2014, ജൂലൈ 15, ചൊവ്വാഴ്ച

ശില്പി

  ശില്പി 

സൃഷ്ടിയാം ഞാനിന്ന് സൃഷ്ടി കര്‍ത്താവിന്റെ-
സൃഷ്ടിയിലാണ്....!!

മരക്കുരിശേന്തിയ സൃഷ്ടാവിനെ കഠിനമാം 
കരിങ്കല്ലിലാവാഹിക്കട്ടെ ഞാന്‍..!!

ഒരുവട്ടം ക്രൂശിതനായ തമ്പുരാനെ നിന്നെ- 
ഒട്ടേറെ വട്ടം കുരിശ്ശേറ്റിയോന്‍  ഞാന്‍..!!

ഇന്ന് ഞാന്‍ നിന്നെ കരിങ്കല്‍ കുരിശ്ശില്‍  
തറക്കുംപോഴും നീയെന്നില്‍ കൃപ ചൊരിയേണമേ...!!

നീ പേറിയതിലുമേറെ വലുപ്പമുള്ള, കാഠിന്യമുള്ളൊരു 
കരിങ്കല്‍ കുരിശു നിനക്കായ്‌ സൃഷ്ടിക്കുന്നു ഞാന്‍..!!

ഏറുവാന്‍  നീ അശക്തനെന്നറികിലും 
ഏറ്റുവാന്‍ ഞാന്‍ ശക്തനാണീശോയേ .....!!

കരിങ്കല്ല് കൂര്‍പ്പിചഞ്ചാണിയുന്ടാക്കണം 
നിന്നിടനെഞ്ച് തുളയ്ക്കുവാന്‍ മൂര്‍ഛയുള്ളവ ...!!

ദൈന്യത നിന്‍  മുഖത്തേറ്റ മേറ്റിയെന്‍ 
കഴിവ് തെളിയിക്കണം...!!

നിന്‍ ചുമലിലൊരല്പനേരം ചവുട്ടി നില്‍ക്കും ഞാന്‍ 
കുരിശ്ശിന്‍ മകുടത്തിന്നു മിഴിവ് നല്‍കാന്‍..!!

നിന്ടെ കണ്ണ് കൊത്താന്‍ ഉളിയെടുക്കും മുന്‍-
പൊന്നു കുമ്പസരിക്കും ഞാന്‍...!!

എന്റെ സൃഷ്ടി ഒരുവേള  
നിനക്കാറാം തിരുമുറിവായാലോ...!! 

പിന്നെ നിന്ടെ മുന്നില്‍ ഒരു മെഴുകുതിരി 
തെളിയിച്ച്‌  നിന്നോടപേക്ഷിക്കണം..!!
   
എന്റെ സൃഷ്ടിക്ക് നിന്റെ 
സൃഷ്ടികള്‍ തന്നംഗീകാരത്തിനായ് ..!!


ജഗദീഷ് കോവളം  

2014, ജൂലൈ 10, വ്യാഴാഴ്‌ച

"പാഠം ഒന്ന് ജീവിതം"

   "പാഠം ഒന്ന് ജീവിതം"  

ഊര്‍ജ്ജ തന്ത്രവും രസ തന്ത്രവും 
ഹൃദിസ്ഥ മാക്കിയെന്നാകിലും 
ജീവതന്ത്രത്തിനു മുതല്‍ക്കൂട്ടിന്നും 
വെറും കുതന്ത്രങ്ങള്‍ മാത്രം .. !!

ലസാഗുവും ഉസാഗയും ഫലിച്ചില്ല 
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും
നോക്കിയിട്ടും ജീവിതക്കണക്കു-
കള്‍ക്കിപ്പോഴും പിഴവുതന്നെ ...!!

കാകളിയും, മഞ്ജരിയും, കേകയും
ഉപമയും ഉല്‍പ്രേക്ഷയും 
മണിപ്രവാളവും ജീവിത ഗാനത്തിനു 
മധുരമേകിയില്ല...!!

ജീവശാസ്തരവും, ഭൂമിശാസ്ത്രവും
സത്യമെന്നിരിക്കിലുമെന്‍ 
ഭൂമിയിലെ ജീവിതത്തിന്‍ പ്രത്യയ-
ശാസ്ത്രമെനിക്കന്യമിന്നും....!!

ആശാനും ഉള്ളൂരും വള്ളത്തോളുമെഴുതി- 
യതോക്കെയും പഠിപ്പിച്ചുവെന്നാകിലും
നാവിന്‍ തുംപിലിപ്പോഴും മൂളാനെ-
ങ്ങും പഠിക്കാത്തത "ജാസി"തന്‍ ഗിഫ്റ്റ് മാത്രം..!!

"ആഖിലാണ്ഡ മണ്ഡലത്തിലെ ചന്തമേറിയ പൂവുകള്‍" 
വെറും ബിംബങ്ങളായപ്പോള്‍ ദ്രിഡ-
പ്രതിജ്ഞയും ലംഘിച്ചിന്ത്യാക്കാരിയാം 
സഹോദരിയെ മണവാട്ടിയുമാക്കി  ...!!

          ജഗദീഷ് കോവളം 

2014, ജൂൺ 18, ബുധനാഴ്‌ച

ബന്ധിതര്‍

               ബന്ധിതര്‍ 

ഒരു താരാ പഥത്തിലെ താരാ ഗണത്തിലെ 
കണ്‍ചിമ്മും താരങ്ങള്‍ നമ്മള്‍...

അടുക്കുവാനാകാതെ അകലുവാനാകാതെ 
തിരിയുന്ന ഗോളങ്ങള്‍  നമ്മള്‍... 

ചുറ്റിക്കറങ്ങുന്ന ഗോളങ്ങള്‍ നമ്മള്‍ ..
ആരോ ചലിപ്പിക്കും പാവകള്‍ നമ്മള്‍ ....

കണ്ണെത്തും ദൂരത്തില്‍ നിന്നൊന്നടുക്കുവാന്‍
കഴിയാത്ത പ്രതിമകള്‍ നമ്മള്‍...

പ്രാസാദത്തിലമരുന്ന ബിംബങ്ങള്‍ നമ്മള്‍...
ഉടയോരുള്ളോരടിമകള്‍ നമ്മള്‍...

കയ്യെത്തും ദൂരത്തില്‍ കയ്യൊന്നു കോര്‍ക്കുവാന്‍ 
കഴിയാത്ത ബന്ധിതര്‍ നമ്മള്‍...

ചിറയാല്‍  ബന്ധിച്ച സേതുക്കള്‍ നമ്മള്‍.... 
കാലം കളിപ്പിക്കും  കോലങ്ങള്‍  നമ്മള്‍ ....

             ജഗദീഷ് കോവളം 





2014, ജൂൺ 17, ചൊവ്വാഴ്ച

നിറമില്ലാ പൂവുകള്‍


      നിറമില്ലാ പൂവുകള്‍

നീ ഒഴിയുമ്പോള്‍ നിറയുന്ന മൗനം
നിശ്ചയം എന്‍മനം കാര്‍ന്നു തിന്നുന്നു..

കാത്തിരിപ്പിന്‍ നാഴികയോരോന്നും 
കടന്നുപോകാതെ തരിച്ചു നില്‍ക്കുന്നു..!!

പിന്‍വിളികേള്‍ക്കുവാന്‍ കൂര്‍പ്പിച്ച കാതിനെ 
കണ്ടില്ലെന്നെന്തെ നടിച്ചതെന്‍ സ്വനം 

മടക്കിവിളിക്കുവാനെന്‍ മനംമന്ത്രിച്ചോ 
മടങ്ങിവരാനായ് നീയും കൊതിച്ചുവോ... !!

ഓര്‍മ്മതന്‍ വാടിയില്‍ വാടാമലരുകള്‍ 
നീറുന്ന കാഴ്ചയായ് ബാക്കി നില്പ്പൂ..

ഒന്നില്‍ നിന്നൊന്നു വേര്‍പിരിഞ്ഞിട്ടു-
മിന്നേകമായേകനായൊന്ന് നില്പ്പൂ..!!  

പാറിപ്പറന്നോരു പ്രണയത്തിന്‍ വെണ്‍മേഘം
വിരഹത്തിന്‍ വിങ്ങലാല്‍ കറുത്തുപൊയി...  

കനം വച്ച പ്രണയത്തിന്‍ കാര്‍മേഘ പാളികള്‍
പെയ്തൊഴിയാനായ് വിങ്ങി  നില്‍പ്പൂ....

നിറവും മണവുമായ്‌ നീയകന്നെങ്കിലു-
മെന്‍ മലര്‍വാടിയില്‍ നിറയുന്നു പൂവുകള്‍ 

നിറവും മണവുമായണയുന്ന നിന്നെയും നോക്കി..  
നിറമില്ലാ പൂവുകള്‍ .. മണമില്ലാ പൂവുകള്‍...!!

               ജഗദീഷ് കോവളം 

2014, ജൂൺ 4, ബുധനാഴ്‌ച

'നിന്നിലെ ഞാന്‍'

 'നിന്നിലെ ഞാന്‍'

നീ വായിച്ചടച്ച പുസ്തകത്തിലെ
വായിക്കാന്‍ മറന്ന താളല്ലോ ഞാന്‍..

നീ പലവുരു ഓര്‍ത്തിട്ടും 
പറയാതെ മറന്ന പദമല്ലൊ ഞാന്‍.. 

നീ ചൂടിയ മലരില്‍ നിന്നടര്‍ന്നു 
പോയൊരു  ദലമല്ലൊ ഞാന്‍...  

നീ മീട്ടിയ വീണയിലെ സ്വര- 
മുതിരാ തന്ത്രിയല്ലോ ഞാന്‍...

നീ വരച്ച ചിത്രത്തില്‍ നിറ-
ഞ്ഞൊഴുകിയ നിറമല്ലോ ഞാന്‍...

സഖീ ... നീ തീര്‍ത്ത ശില്‍പ്പത്തിനായ് 
കുഴചെടുത്ത കളിമണ്ണ് ഞാന്‍..   

        ജഗദീഷ് കോവളം

2014, ജൂൺ 2, തിങ്കളാഴ്‌ച

"ഇനിയും ആമി പറയട്ടെ"

 "ഇനിയും ആമി പറയട്ടെ"

എനിക്കിനിയുമേറെ  
പറയാനുണ്ടായിരുന്നു...
കാതടച്ചു... നിങ്ങളെന്നെ..
കറുപ്പുടുത്ത കാരണത്താല്‍...  

കാഫിറാക്കി പുറംതള്ളി.. 
പടിയടച്ചവര്‍ പിണ്ഡമുട്ടി ..
അക്ഷരങ്ങളും അന്യമാക്കി.. 
അരുംകൊല ചെയ്തില്ലേ നിങ്ങള്‍..?  

കറുത്ത പര്‍ദ്ദക്കുള്ളിലെന്‍  
തുടുത്ത  മനം തേങ്ങിയതും 
നീര്‍മാതള മൊട്ടുകള്‍ മുളയിലെ 
കരിഞ്ഞതും കണ്ടു നീ കണ്ണടച്ചു..!!

തളിരണിഞ്ഞ നീര്‍മാതള ചില്ലതന്നില്‍ നീ 
കരിമ്പട്ടു പുതച്ചപ്പോള്‍ കരുതി ഞാന്‍ 
തണലേകുവാനാകുമെന്ന് ...!!
ശ്വാസമമര്‍ത്തി കൊല്ലുമെന്ന്  
നിനച്ചതില്ല ഞാന്‍ സഖേ....

'സമദാനം' ചെയ്യാമെന്ന വാഗ്ദാനത്തില്‍ 
സര്‍വ്വവും ദാനമായേകിയില്ലേ...
എന്നിട്ടുമെന്തിനീ  മാതള മലരിനെ 
മണ്ണിതിന്‍ മാറില്‍ വലിച്ചെറിഞ്ഞു..?

മനം നിറഞൊഴുകിയ പ്രണയ പ്രവാഹത്തെ     
മതത്തിന്‍ മതിലാല്‍ തടുത്തതെന്തേ....?
കഥകള്‍ വിടര്‍ന്നോരെന്‍ മലര്‍വാടി നീ..
തുറക്കാ താഴിട്ടടച്ചതെന്തേ ... ? 

      ജഗദീഷ് കോവളം 

2014, മേയ് 29, വ്യാഴാഴ്‌ച

നീലിച്ച ഹൃദയങ്ങള്‍

"നീലിച്ച ഹൃദയങ്ങള്‍


അഭിനവ പ്രണയം 
പൂത്ത വഴികളിലൂടെ 
തിരിഞ്ഞു  നടക്കുമ്പോള്‍...
"മധു  ചൊരിഞ്ഞ മലരുകളില്‍ 
കറയൊലിക്കുന്നു...
വഴിനീളെ തേങ്ങലുകള്‍ 
അനാഥത്വം പേറുന്നു....
ചതഞ്ഞരഞ്ഞ പൂക്കള്‍ക്ക്
ശവം നാറി ഗന്ധം...
ദുര്‍ഘടമാം പാതകളില്‍ 
വര്‍ണ്ണമകന്ന വളപ്പൊട്ടുകള്‍ 
വാഗ്ദാനങ്ങളും, പ്രലോഭനങ്ങളും 
ചൂടാറിയ ചുംബനക്കൂനകളും 
അഴുകി നീരൊലിക്കുന്നു...
കാമക്കനലുകളിനിയും 
അണയാതെ പുകയുതിര്‍ക്കുന്നു..
ഗര്‍ഭ നിരോധന ഉറകളനേകം
ശവപ്പെട്ടിതന്‍ ധര്‍മ്മം പേറുന്നു...
പ്രണയ രക്തസാക്ഷികളാമാണും 
പെണ്ണും അതിലുറങ്ങുന്നു...
ഉപേക്ഷിക്കപ്പെട്ട നിലയില്‍ 
വിഷംതുപ്പി നീലിച്ച  രണ്ടു 
ഹൃദയങ്ങളും......"

    ജഗദീഷ് കോവളം 

2014, മേയ് 6, ചൊവ്വാഴ്ച

'പടിയിറക്കല്‍'

   'പടിയിറക്കല്‍'  
 
ആകാശത്തിലും അസമത്വമോ... 
അംബരത്തിലും അവര്‍ണ്ണ-
സവര്‍ണ്ണ സമരമോ...?  
കരിമുകിലിനെ ഭ്റഷ്ട്ട് കല്പ്പിച്ച്
പടിയിറക്കുന്നോ സവര്‍ണ്ണരാം 
വെണ്‍ മേഘ തംപ്റാക്കള്‍... ?
സവര്‍ണ്ണ ഗര്‍ജ്ജനമോ ഇടിനാദം..?
കാര്‍മുകിലിനു  കണ്ണീരുമാ-
യൂഴിയിലഭയമോ...?
അവര്‍ണ്ണനെയൂഴിയിലേ-
ക്കാനയിക്കും ചുട്ട് വെട്ടമോ-
വെള്ളി മിന്നല്‍ പിണറുകള്‍..? 

   ജഗദീഷ് കോവളം          

2014, മേയ് 5, തിങ്കളാഴ്‌ച

അരുത് മീരാ....

അരുത് മീരാ....

അരുത് മീരാ.....
നിന്‍ ഭക്തി ലഹരി
ഇനിയും അരുത് മീരാ...

പ്റേമത്തിന്നുപരിയായ് 
നീപൂകും ഭക്തിതന്‍  
ഉന്മാദമണയുവാ-
നൊരുവേള രാധയ്ക്കും
തോന്നിയാലോ..

ആകയാലരുത് മീരാ..
നിന്‍ ഭക്തി ലഹരി
ഇനിയുമരുത് മീരാ..
   
മുപ്പത്തിമുക്കോടി 
മതിവരാതിന്നിന്റെ 
മര്‍ത്യരുന്‍മത്തരായീ-
ശ്വര സൃഷ്ടി നടത്തിടവേ..  

ഭക്തിയും വില്‍ക്കുവാ-
നൂഴിയിലായിരം മര്‍ത്യ- 
ജന്‍മങ്ങളുഴറീടവേ..

പ്റേമത്തിന്‍ നാമ്പുകള്‍  
വിടരാതെ മുളയിലേ
വാടിക്കരിഞ്ഞു 
കൊഴിഞ്ഞു വീഴ്കെ..

പ്റേമം തളിര്‍ത്തോരു-
വാടികളിലെമ്പാടും       
ഭക്തിമലരുകളിതള്‍വിടര്‍ത്തേ...

കലികാല ജന്മങ്ങളെനിക്കു ചുറ്റും   
കപട ഭക്തരായ് തൊഴുതു നില്‍ക്കേ..

പ്രേമത്തിന്നുപരിയായ് ഭക്തിയെ 
പുല്‍കുവാനൊരുവേള രാധയ്ക്കും
തോന്നിയാലൊ ..!! 

ആകയാലരുത് മീരാ..
നിന്‍ ഭക്തി ലഹരിയിനിയും..
അരുത് മീരാ.....       

ജഗദീഷ് കോവളം 

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

നിന്‍ നിഴലായി

നിന്‍ നിഴലായി 

താഴിട്ടടയ്ക്കാത്തമനസ്സിന്‍ പാളികള്‍ 
മലര്‍ക്കെതുറന്നു നീയാഗമിക്കുംപോള്‍ 
അനുവാദമേകാതെയന്തരംഗം നിന്നില-
നുരാഗ വിവശനായനുഗമിചോ... 

ജീവിത പന്ധാവില്‍  തണലുതേടി  
പ്രണയത്തിന്‍  പാഥേയപൊതിയഴിച്ച-  
ന്യോന്യമൂട്ടുംപോള്‍ സിംഹഭാഗം 
നിനക്കായേകിയതോര്മ്മയില്ലേ... 

ജീവിതയാത്രയിലെന്നുമെന്നും 
നിഴലായെന്നെ അനുഗമിക്കാമെന്നുനീ
മൊഴിഞ്ഞതിന്‍  പൊരുളറിയുന്നു ഞാനി-
ന്നന്ധകാരത്തിലകപ്പെടുമ്പോള്‍...

കൂരിരുള്‍ തിങ്ങുമീ വഴിത്താരയി- 
ലേകനായലയുന്നു ദിക്കുതെറ്റി 
തിരയുന്നു മാഞ്ഞൊരെന്‍ നിഴലിനോപ്പം
നീകൂടി  തെളിയുന്ന കാഴ്ച്ച കാണാന്‍ 

ജഗദീഷ് കോവളം 

  

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

ഓര്‍മ്മയില്‍ ഒരു വിഷു

ഓര്‍മ്മയില്‍ ഒരു വിഷു 

മഞ്ഞ കണികൊന്നപൂത്തു 
മേടമാസമായ്.....
മീനച്ചൂടോടിയകന്നു
മേടമാസമായ്... (മഞ്ഞക്കണി...)

കണിയൊന്നുകാണുവാന്‍.. 
കൈനീട്ടം വാങ്ങുവാന്‍ ...
മലയാളി മനം തുടിച്ചു ......
മേടമാസമായ്.... (മഞ്ഞക്കണി..) 

മീനവെയില്‍ ചൂടില്‍ 
തളിരിട്ട മോഹങ്ങള്‍
മേടമാസ പുലരിയില്‍ 
പൊന്‍ കണിപ്പൂക്കളായ് (മഞ്ഞക്കണി...)

മലനാടിന്‍ പാടങ്ങളില്‍..
ഞാറ്റുവേലപ്പാട്ടുണര്‍ന്നു..
പത്തായപുരകളാകെ...
പൊന്‍ നെന്‍മണിനിറഞ്ഞു... (മഞ്ഞക്കണി...)

കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ 
പനം തത്ത പാട്ടുമൂളി...
തൂവെള്ള കൊറ്റികള്‍ തന്‍-
നടനമൊരുങ്ങി.... (മഞ്ഞക്കണി...)

ബാല്യത്തിന്‍ തുടിപ്പുകള്‍ 
പാടങ്ങളില്‍ നടമാടി...
നിളയുടെ തീരങ്ങളില്‍ 
ഞാറ്റുപാട്ടിന്നീണമായി.. (മഞ്ഞക്കണി...)

കണ്ണന്നു കാഴ്ചയുമായ്...
മാലോകരണയുംപോള്‍...
കണ്ണിന്നു കാഴ്ച്ചയായി..
കണിവെള്ളരി നിരന്നു... (മഞ്ഞക്കണി...)

ഓര്‍ക്കുമ്പോള്‍ മനതാരില്‍ 
മൊട്ടിടുമോര്‍മ്മകള്‍..
മീനവെയില്‍ ചൂടിലും..
തളിരിടും കൊന്നപോല്‍... (മഞ്ഞക്കണി ..) 

ജഗദീഷ് കോവളം        
         

    

2014, മാർച്ച് 31, തിങ്കളാഴ്‌ച

മനതാപം

മനതാപം 

കനിവിന്നുറവ വറ്റിയ 
കുളത്തിന്‍ കല്‍പടവിങ്കല്‍ 

വൃണിത ഹൃദയനായിരി-
ക്കുന്നേകനായിന്നു ഞാന്‍..

കുളത്തിന്നടിത്തട്ടുപോല്‍..
വിന്ടു കീറിയ ഹൃത്തുമായ്...

മാരി കനിഞ്ഞെങ്കിലീ-
കുളത്തിന്‍ നോവകന്നേനെ..

ആര് കനിയേണമെന്‍
മനസിന്‍ നോവകലുവാന്‍...

മെല്ലെ വീശുമീ 
മാരുതന്‍ നെഞ്ചിലും 

പൊള്ളുന്ന താപ-
മാണെന്ന് തോന്നീടുന്നു 

ചില്ല കരിയുമീ 
തേന്‍ മാവിനുള്ളിലും 

എന്നുള്ളിലെരിയും 
തീ ത്ന്നെയാകുമൊ.. 

കാറ്റും വിയര്‍ക്കുന്നു-
തന്‍ താപത്തിനാലെന്‍ 

നാസികയ്ക്കുമാകുന്നില്ല 
നിശ്വാസത്തിന്‍ ചൂടേറ്റുവാങ്ങുവാന്‍

വേനലിന്‍ താപം വേര്‍പെടുത്തുന്നു
ലതകളെ തന്‍ വൃക്ഷത്തില്‍ നിന്നും 

കാലമെന്നില്‍ നിന്നും നിന്നെ-
യടര്‍ത്തിയെടുത്തപോല്‍ ....  

ജഗദീഷ് കോവളം         

2014, മാർച്ച് 29, ശനിയാഴ്‌ച

പുന:പ്റതിഷ്ഠ

          പുന:പ്റതിഷ്ഠ 

മിഴിയിലാവാഹിച്ച നിന്‍ പ്രതി ബിംബം 
പുന:പ്റതിഷ്ടിച്ചു ഞാന്‍ ഹൃത്തിനുള്ളില്‍
മറ്റാരും കാണാതെ നീ പോലുമറിയാതെ
കെടാവിളക്കായ്‌ ഞാന്‍ കാത്തുവച്ചു    

എന്‍മന പ്റാസാദവാതിലുകള്‍ 
മലര്‍ക്കെ തുറന്നിടാറില്ലഞാ-
നെങ്കിലും കിളിവാതില്‍ പഴുതിലൂടെ..
പമ്മിനോക്കുന്നു നിന്‍ മുഖപ്രസാദം 

നിന്‍ നീലനയനങ്ങള്‍ പ്റസ്ഫുരിക്കും 
സ്ഫുലിംഗത്തിന്‍ തീവ്രതയേറ്റുവാങ്ങാ-
നശക്തരായെന്‍ മിഴിയിണകള്‍..  
കൂമ്പുന്നു താമര മൊട്ടുപൊലെ...

നിന്‍ മേനിതന്നയഴകെന്നുമെന്നും
വഴിഞൊഴുകാറുന്ടെന്‍ മൃദുശയ്യതന്നില്‍.. 
എന്നാലുമെന്‍മനം നിനക്കുമുന്നില്‍ 
തുറക്കുവാനശക്തനായ് ഞാനിരിപ്പു...

          ജഗദീഷ് കോവളം 

2014, മാർച്ച് 28, വെള്ളിയാഴ്‌ച

ചതി

 ചതി 

ആശ്വാസമേകാമെന്നാ-
ര്‍ദ്രരായ്  മൊഴിഞ്ഞിട്ടെന്‍..
കരള് കൊത്തിപ്പറിക്കുന്നു
ലഹരിയുടെ ദ്റംഷ്ഠകള്‍...

     ജഗദീഷ് കോവളം   
  

കടിഞ്ഞാണ്‍

കടിഞ്ഞാണ്‍ 

ആഗ്രഹങ്ങളില്‍ 
ചിലതിനൊക്കെയും 
മൂക്കുകയറിടുന്നു...
ഒരു മഞ്ഞചരട്....

ജഗദീഷ് കോവളം  

2014, മാർച്ച് 25, ചൊവ്വാഴ്ച

മത്സരം

             മത്സരം 

പറയാതെ അറിയാനായ് ഞാനും... 
പറഞ്ഞറിയാനായ് നീയും.. 
കാത്തുനിന്നപ്പോള്‍...
അനാഥമായ നമ്മുടെ- 
പ്രണയവും കൈക്കലാക്കി
കാത്തു നില്ക്കാതെ കാലവും...  

  ജഗദീഷ് കോവളം 

2014, മാർച്ച് 24, തിങ്കളാഴ്‌ച

മനസ്സേ മടങ്ങുക...

മനസ്സേ മടങ്ങുക...

മനസ്സില്‍ തെളിയുന്നൊരുകൊച്ചു ഗ്രാമം..
പാടവും,  പുഴയും, കൈവഴികളും..
അരയാല്‍ തറയും..  അയ്യപ്പ ക്ഷേത്രവും 
ഓല മേഞ്ഞൊരു കൊച്ചു വിദ്യാലയവും...

ചാണകത്തറയില്‍ ചമ്റം പണിഞ്ഞിരുന്നു 
കഴിച്ച പഴംകഞ്ഞിതന്‍ സ്വാദും...
പ്ലാവിലയും മച്ചിങ്ങയും ഈര്‍ക്ക്കിലാല്‍ 
ബന്ധിച്ചു നിര്‍മ്മിച്ച കളിവണ്ടിയും...

സന്ധ്യക്ക്‌ ജപിച്ച നാമ മന്ത്രങ്ങളും
മണ്ണെണ്ണ വിളക്കിന്നരണ്ട വെളിച്ചവും 
കേരള പാറാവലി തന്‍ മുഷിഞ്ഞ പുറം ചട്ടയും 
ഉടഞ്ഞ സ്ലേറ്റും ... പുല്‍പ്പായയും...

ചത്ത കോഴിയും, ചാണകവുമൊഴുകും 
കനാല്‍ വെള്ളത്തിലെ കുളിയും...
പൊഴിഞ്ഞ മാങ്ങയും നെല്ലിക്കയും 
ഉപ്പ് ചേര്‍ത്തുണ്ണുന്ന സുഖവും... 

സ്കൂളില്‍ നിന്നുച്ചയ്ക്ക് കിട്ടുമോരുപ്പുമാവും 
ഓരു  നിറഞ്ഞ കിണര്‍  വെള്ളത്തിന്‍ സ്വാദും 
മഷിത്തണ്ടും, മുളവടിയും, സ്കൂള്‍ മണിയും...
മനസിലിന്നും മായാതെ നില്ക്കുന്നു...

ജന്മ പുണ്യത്തിന്‍ പ്രതിഭലമായ്..
വരമേകുവാന്‍ ജഗദീശ്വരനണയുകില്‍
ചോദിക്കും ഞാന്‍ വരമിതൊന്നു മാത്രം 
"ആകുമോ നിനക്കേകുവാനെന്‍ ബാല്യകാലം"  

ജഗദീഷ് കോവളം      

2014, മാർച്ച് 22, ശനിയാഴ്‌ച

പുനര്‍ ചിന്ത (നാടന്‍ പാട്ട്)

ലോക ജല ദിനത്തില്‍ നിങ്ങള്‍ക്കായി എന്റെ സമ്മാനം

        പുനര്‍ ചിന്ത (നാടന്‍ പാട്ട്)

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ 
മരം മുറിക്കുവാന്‍ ..... പാടില്യാല്ലോ

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ 
നിലം നികത്തുവാന്‍ .... പാടില്യാല്ലോ

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ
മല മറിയ്ക്കുവാന്‍ ..... പാടില്യാല്ലോ

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ
മണല് കോരുവാന്‍ .... പാടില്യാല്ലോ

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ
കുഴല്‍ കിണറുകള്‍.... പാടില്യാല്ലോ

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ
ഭൂമി നശിപ്പിക്കാന്‍ .... പാടില്യാല്ലോ 


പാടില്ലാത്തോക്കെയും... ചെയ്തോന്ടല്ലേ
പാട് പെടുന്നു നാം ... ജീവിക്കാനായ്...

മഴയില്ലാ.. മഞ്ഞില്ലാ...മാരിവില്ലും..
മാഞ്ഞുപോയ് കാര്‍മുകില്‍  മാലകളും

ദാഹജലത്തിനായ്... മാലോകരും 
നെട്ടോട്ടമോടുന്ന കാഴ്ചകളും...

മാരിക്കായ് കാക്കുന്ന വേഴാമ്പലായ് 
മാറീല്ലേ മാനവ രാശിപോലും...

വേനലിന്‍ കാഠിന്യ മേറീട്‌ന്നു
വിയര്‍ത്ത് കുളിക്കുന്നു ഭൂമിയാകെ 

അമ്മതന്‍ രോഷാഗ്നി തന്നെയല്ലേ
വേനലായ്‌ പാരിനെ മൂടുന്നതും...

പാടില്ലാത്തോക്കെയും... ചെയ്തോന്ടല്ലേ
പാട് പെടുന്നു നാം ... ജീവിക്കാനായ്...

പാടം നികത്തീട്ടും പാഠം പഠിച്ചില്ല..
മല മരിച്ചപ്പൊള്‍ മനമലിഞ്ഞില്ല..

മരം മുറിച്ചപ്പോള്‍ മനം കുളിര്‍ത്തത്
മക്കള്ക്കായ് നിര്മ്മിക്കും ..
മാളികയോര്‍ത്തല്ലോ...

മക്കള്‍ക്കായ് നാമെന്തു മാറ്റിവച്ചു..
നാം ചെയ്യും പാപത്തിന്‍ ഫലമല്ലാതെ...

മക്കള്‍ക്കായ് നാമെന്തു മാറ്റിവച്ചു..
തേങ്ങുമീ ഭൂമിതന്‍ നോവല്ലാതെ....

      ജഗദീഷ് കോവളം 
             

2014, മാർച്ച് 21, വെള്ളിയാഴ്‌ച

Pranayamkuram

  പ്റണയാംകുരം  

ഊഷരമാമെന്‍ ഹൃദയത്തിലെന്തി-
നനുരാഗവിത്ത് വലിച്ചെറിഞ്ഞു നീ..

നിണമൂറ്റി വീര്‍ത്താ വിത്ത് മുളയ്ക്കവേ 
അനുരാഗനാമ്പിനും ചെംചുവപ്പ്... 

നിറമേതുമില്ലാതെ നരച്ച മനസിലും
വര്‍ണ്ണത്തിന്‍ മാരി പൊഴിച്ചതെന്തുനീ..

വര്‍ണ്ണാഭഷിക്തയാമെന്‍മനമെന്നില്‍ 
നിന്നന്തരം പാലിച്ചു ഗമിക്കുന്നു മന്ദമായ്...

നിര്‍വ്വികാരത്തിന്‍ മാറാപ്പിലുറങ്ങിയോ-
രെന്‍ വികാരങ്ങളെയുണര്‍ത്തിയതെന്തു നീ..

കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലവ-
എന്നെയുംപേറി കുതിച്ചു മുന്നേറുന്നു... 

ഹൃദയത്തിന്‍ മുന്നില്‍ ഞാന്‍ പ്റതിഷ്ടിചൊരാ
കരിങ്കലിളക്കി കളയുവതെന്തു നീ...

നിര്‍മ്മലമാമെന്‍ ഹൃത്തിലൂടൊഴുകുമീ-
പ്റേമാമൃതധാര നിന്നിലേക്കൊഴുകുന്നു...

കാലാകാലമായ് ഞാന്‍ കാത്തുപോന്നോരാ-
"നിഷേധി"തന്‍ മുഖംമൂടി ചീന്തിയതെന്തു നീ...

ചിരപരിചിതമാമെന്‍ മുഖം നോക്കിയുറ്റവ-
രപരിചിതരായകന്ന് പോകുന്നിതാ..... 

            ജഗദീഷ് കോവളം   

2014, മാർച്ച് 20, വ്യാഴാഴ്‌ച

Nishedhi

           നിഷേധി 

ന്യായാന്യായങ്ങളെനിക്കില്ല
വിധിക്ക് വഴിപ്പെട്ടവന്‍ ഞാന്‍
പ്റതിക്കൂടിനുള്ളിലും..
വാദിക്കുവാനില്ല ഞാന്‍
അനുസരിപ്പിക്കുവാനാളല്ല..
അനുസരിക്കുവാനും...
മോഹിപ്പിക്കില്ലോരിക്കലും..
മൊഹിക്കയുമില്ലൊരിക്കലും..
ശരിയും  തെറ്റുമെനിക്കില്ല...
ശരിക്കും തെറ്റുകള്‍ മാത്രം...
വിമര്‍ശിക്കാന്‍ വരില്ല ഞാന്‍..
വിമര്‍ശിക്കരുതെന്നെയും...
കടമകളെനിക്കന്യം...
കടം കൊള്ളരുതെന്നെയും...
അണയുവാനൊട്ട്‌ തുനിയേണ്ടിനീ-
യണയുവാന്‍ കാലമായ്...
അപരാധിയല്ലെന്നിരിക്കിലും
നിരപരാധിത്വമെനിക്കന്യം..
നിഷേധിക്കുന്നില്ലൊന്നുമേ...
നിഷേധിയാണെന്നിരിക്കിലും...
കരഞ്ഞു തീര്‍ക്കുവാന്‍..
കാമിനിക്കിപ്പൊഴും
ബാക്കി നില്‍പ്പത്കാമം മാത്രം...

  ജഗദീഷ് കോവളം...  
  

ഉച്ചിഷ്ഠ ഭുക്കുകള്‍

ഉച്ചിഷ്ഠ ഭുക്കുകള്‍  

ശീലിച്ചുപൊയി 
ഉച്ചിഷ്ടം അമൃതേത്താക്കി
ശീലിച്ചുപോയി 
അമ്മയെ മറന്നു മമ്മിയെ 
പുണര്‍ന്ന്..
മലയാളം മറന്ന്..
മലയാലിയായി...
ഉടുമുണ്ടുരിഞ്ഞ് 
കളസമാക്കി...
ദാവണി മറന്ന്..
ലഗ്ഗിന്‍സണിഞ്ഞ് 
തിരുവാതിരയകറ്റി..
ക്യാബറെയാക്കി.. 
പഴഞ്ചോറ്‌ കളഞ്ഞ്
നൂടില്സിലെത്തി..
പിള്ളതന്‍ സ്ഥാനം.. 
പട്ടിക്കു നല്കി..
പ്റത്യയ ശാസ്ത്രവും 
കടംകൊണ്ടെടുത്ത്...
നന്മകളൊക്കെയും
കയറ്റിയയച്ച്...
നാലുമെട്ടും പതിനാറു-
മൊക്കെ മേല്ക്കുമേല-
ടുക്കി കെട്ടുകളാക്കി..
സ്വദേശം മെല്ലെ 
വിദേശമാക്കി...
സ്വദേശി ഞാനും..
വിദേശിയായി...            

 ജഗദീഷ് കോവളം    

2014, മാർച്ച് 18, ചൊവ്വാഴ്ച

പുരോഗമനം

        പുരോഗമനം 

മലരിന്‍ ഗന്ധം മനം മടുപ്പിക്കുന്നു 
കത്തുന്ന പച്ച മാംസ ഗന്ധമെനിക്കിഷ്ടം
മാരുതന്ടെ തലോടലെനിക്ക്‌ വേണ്ട
പകലോന്ടെ പൊള്ളുന്ന ചൂടു വേണം
പൂമ്പൊടി നുകരും ശലഭമാകേണ്ട        
കരളുകൊത്തിത്തിന്നും കഴുകനാകേണം
വര്‍ഗ്ഗീയ ചഷകത്തൊളം ലഹരി- 
യില്ലിന്ന് മറ്റൊരു പാനീയത്തിനും 
മനുക്ഷ്യരീ മണ്ണിലവശേഷിക്കണ്ടി-
വിടെ ഹിന്ദുവുമിസ്ലാമും 
ക്റിസ്ത്യാനിയും മതി....
കൃഷ്ണനും,ക്റിസ്തുവും നബിയു-
മിനി യുരിയാടേന്ടതില്ല..  
മഹത്വചനങ്ങള്‍ ഞാന്‍ മൊഴിയും
യുദ്ധക്കൊതിയരാമയല്‍ രാജ്യമല്ലിനി 
ഇതര മതസ്ഥനാമയല്‍ വാസിയെന്‍ ശത്റു..
മകനെ ... നമുക്കിനി മതി പാഠശാല....  
തുടരാം... നമുക്കിനി മത പാഠശാല...

     ജഗദീഷ് കോവളം   

2014, മാർച്ച് 17, തിങ്കളാഴ്‌ച

Virahini..

വിരഹിണി 

വിരഹാഗ്നിയിലുരുകി-
യൊലിച്ചിട്ടുമെന്‍ 
പ്രണയ കുളിര്‍ മാരി
നനയാഞ്ഞതെന്ത് നീ...     

വിരഹ കൊടും വെയില്‍ 
മനം മടുപ്പിച്ചിട്ടുമെന്‍
പ്രണയ കുളിര്‍ കാറ്റി-
ലലിയാത്തതെന്തു നീ...

വിരഹ മരുഭൂവില്‍ 
മരുപ്പച്ച തേടാതെന്‍ 
പ്രണയ തടാകത്തില്‍ 
നീന്താത്തതെന്തു നീ...

വിരഹ മണല്‍ കാട്ടില്‍ 
മുള്‍ ചെടിയാവാതെന്‍ 
പ്രണയ മലര്‍ വാടിയില്‍
മന്ദാരമാകൂ നീ...

വിരഹത്തിന്‍ കമ്പളം 
മൂടാതെയെന്നിലെ 
പ്രണയത്തിന്‍ പൊന്‍-
പട്ടണിയൂ നീ ഓമലേ...

വിരഹത്തിന്‍ കാരാ-
ഗ്റിഹം വിട്ടെന്നിലെ 
പ്രണയത്തിന്‍ പുല്‍-
മേടപൂകാത്തതെന്തു നീ...

ജഗദീഷ് കോവളം 

Loka Nirmanam

 ലോക നിര്‍മ്മാണം 

ലോക നിര്‍മ്മാണ-
ത്തിലാണ് ഞാന്‍ 
വിശ്വകര്‍മ്മാക്കള്‍-
ക്കപ്റാപ്യ മാമൊരു-
നവ ലോക നിര്‍മ്മാണ-
ത്തിലാണ് ഞാന്‍... 
ചേരികളില്ലാത്ത, 
ചേരിതിരിവില്ലാത്ത-
വര്‍ഗ്ഗ-വര്‍ണ്ണങ്ങളില്ലാത്ത്ത 
വര്‍ണ്ണ ലോകം... 
അടിമകളില്ലാത്ത 
ഉടമകളില്ലാത്ത
അനീതിയില്ലാത്തോരു  
നീതി ലോകം...
വിദ്വേഷമില്ലാത്ത 
വിദ്വേഷിയില്ലാത്ത
വേദനയില്ലാത്തൊരു 
പ്രണയലോകം 
അതിരുകളില്ലാത്ത 
അവകാശിയില്ലാത്ത 
അഴിമതിയില്ലാത്ത 
സ്വപ്ന ലോകം 
അധികാരിയില്ലാത്ത 
അശരണരില്ലാത്ത
അക്രമമില്ലാത്തൊരു 
സ്വര്‍ഗ്ഗലോകം..
പീഡനമില്ലാത്ത 
പീഡിതരില്ലാത്ത 
പേടിയകന്നൊരു 
സ്റേഷ്ഠ ലോകം...
മതങ്ങളില്ലാത്ത 
മാത്സര്യമില്ലാത്ത 
മനുക്ഷ്യര്‍  വാഴുമോരു 
ദേവലോകം..
ബാല്യമകലാത്ത 
വാര്‍ദ്ധക്യമില്ലാത്ത
മൃത്യുവകന്നൊരു 
മര്‍ത്യ ലോകം 
കാമമില്ലാത്ത 
ക്റോധമില്ലാത്ത
പ്റേമം തിളങ്ങും 
പ്റകാശ ലോകം
മനക്കോട്ടയാലുയര്‍-
ത്തട്ടെ ഞാനെന്റെ-
മായികമായൊരു 
സങ്കല്‍പ്പ ലോകം...   

  ജഗദീഷ് കോവളം 

2014, മാർച്ച് 15, ശനിയാഴ്‌ച

   അവകാശികള്‍ 

അവകാശം വാങ്ങി 
പിരിയ്ക്കുകയാണേവരും 
പ്റായമേറുകയല്ലേ.. 
എന്തിനീ മണ്ണും, മാളികയും...
അവകാശികളേറെയുന്ട്ട് !!
ഞാനൊഴികെ എന്റെതാ-
മെല്ലാത്തിനുമുന്ടവകാശികള്‍ !!
വീതിച്ചു നല്കവേയെന്‍ 
മുന്നിലേക്കെത്തിയോ-
രോട്ടൊഗ്രാഫ് കയ്യൊപ്പി-
നാണെന്ന് കരുതവെ കേട്ടു..
എടിഎം പാസ്വേര്‍ഡെ- 
ഴുതി തരുമോ.... 
അര്‍ത്ഥത്തിനുമവകാശികള്‍ !! 
അക്ഷരങ്ങള്‍ക്കുമവകാശികള്‍ !!
അറിഞ്ഞു ഞാനേകിയിട്ടു-
മവകാശം കൊള്ളാതെ-
നീ തിരസ്കരിച്ച മനവുമായ്‌ 
പടിയിറങ്ങട്ടെ ഞാന്‍..
അവകാശികളകന്നവര്‍... 
അവകാശങ്ങളകന്നവര്‍...
അവരിലൊരുവനായ് ...
അവകാശികളില്ലാതെ...
അവകാശങ്ങളില്ലാതെ...
പടിയിറങ്ങുന്നു ഞാന്‍...

   ജഗദീഷ് കോവളം  

2014, മാർച്ച് 14, വെള്ളിയാഴ്‌ച

Prathibhasangal....

പ്റതിഭാസങ്ങള്‍ 

ഉരുകിയൊഴുകാന്‍
കണ്ണുനീരില്ലാതെ 
നോവുകളുള്ളില്‍ 
ഘനീഭവിക്കുന്നു...

പകര്‍ന്നു വാങ്ങാന്‍ 
പ്രണയിനി ഇല്ലാതെ 
പ്രണയം ഉള്ളില്‍ 
പരന്നൊഴുകുന്നു... 

സാഫല്‍യം പൂകാന്‍ 
സാധ്യതയകന്നൊരു 
മോഹങ്ങളുള്ളില്‍
കൊഴിഞ്ഞു വീഴുന്നു... 

കൊഴിഞ്ഞ മോഹങ്ങ-
ളാഹരിചിട്ടിളം 
നവമോഹ നാമ്പുകള്‍ 
തളിരണിഞ്ഞുയരുന്നു...

മങ്ങിയ പ്റതീക്ഷകള-
സ്തമിക്കുന്നു.. വൃധാ-
നവ പ്റതീക്ഷക-
ളുദിച്ചുപൊന്തുന്നു...

നിയതിക്ക് മുന്‍പില്‍  
ഗളം താഴ്ത്തി ഞാനും
കാലപ്രവാഹത്തിന്‍ 
കണ്ണിയായ്‌ മാറുന്നു...

  ജഗദീഷ് കോവളം  

2014, മാർച്ച് 13, വ്യാഴാഴ്‌ച

Pratheeksha...

പ്റതീക്ഷ 
കാത്തിരുന്നീ
കാലമകലുന്നു

നോക്കി നിന്നെന്‍ 
കണ്ണ് കുഴയുന്നു 

കാതോര്‍ത്തിരുന്നെന്‍
കാത് മടുക്കുന്നു 


ഓര്‍ത്തിരുന്നെന്‍-
ഓര്‍മ്മ പഴകുന്നു.
.
ആഗ്രഹ വാടിയില്‍
തളിര്‍ക്കുന്ന ചില്ലയില്‍

പ്രതീക്ഷാ മുകുളങ്ങള്‍
പുതുനാമ്പെടുക്കുന്നു... 

ജഗദീഷ് കോവളം

അമ്മയുണ്ടെന്നുള്ളില്‍


അമ്മയുണ്ടെന്നുള്ളില്‍ 

മാനത്ത് മാരിമുകി-
ലണയവെ..
മൂടുന്നൊരു മന-
മുന്ടെന്‍  മനസ്സില്‍..

ഇടി നാദം കേള്‍ക്കവേ.. 
പിടയുന്നൊരു-
നെഞ്ചിന്‍ തുടിതാള-
മുന്ടെന്നുള്ളില്‍..

പഴയോല പഴുതി-
ലൂടെ പകലോന്‍ 
ചാണകത്തറയില്‍ 
വട്ടം വരയ്ക്കുമ്പോ-
ളുരുകുന്നോരുള്ളിന്‍ 
തപമുന്ടെന്നുള്ളില്‍..

മാരിചൊരിയവെ
നിറഞൊഴുകിയോരാ-
കണ്ണീരിന്‍ നന-
വുന്ടെന്നുള്ളില്‍ ..

ചോര്‍ന്നോലിക്കും 
കൂരയ്ക്ക് കീഴില്‍ 
ചേര്‍ത്തണച്ച മാറിന്‍ 
ചൂടുന്ടെന്നുള്ളില്‍..

മണ്‍ചുവരിലൂടെ 
മഴയൊഴുകി 
ആണിയില്‍ തൂങ്ങിയ  
തുണിസഞ്ചി-
വഹിക്കുമൊരുപിടി
അരി നനയ്ക്കവെ..
പിടചോരുള്ളിന്‍  
നോവുന്ടെന്നുള്ളില്‍..

മഴവെള്ളം ചട്ടിയില്‍-
നിറച്ചിട്ടെനിയ്ക്കുറങ്ങാ-
നുറങാതിടമൊരുക്കിയ    
സ്നേഹത്തിന്‍.. 
ത്യാഗമുണ്ടെന്നുള്ളില്‍

അഗ്നിചിറകേറി-
പറന്നകന്നെന്നമ്മത-
ന്നോര്മ്മയിന്നുമഗ്നി-
യായ് ജ്വലിക്കുന്നെന്നുള്ളില്‍..

  ജഗദീഷ് കോവളം  

2014, മാർച്ച് 12, ബുധനാഴ്‌ച

നോവിന്‍ രുചി

നോവിന്‍  രുചി 

നോവുകള്‍, ദു:ഖങ്ങള്‍ 
നൊമ്പരങ്ങള്‍... 

ആഗതമാകും തലങ്ങള്‍ 
വ്യത്യസ്ഥമെന്നിരിക്കിലും

ഹേതു ഭൂതങ്ങള്‍ക്ക് 
സാമ്യമില്ലെങ്കിലും.. 

ഭാരങ്ങള്‍ക്കേറ്റക്കുറ-
വുകളെന്നാലും.. 

ഉരുകി ഒഴുകുംപോള്‍
നോവുകള്‍ക്കൊക്കെയും 
ഒരേ രുചി....!!!

നുരയുമാഴിയിലലറി- 
തീരത്ത് തലതല്ലിചിതറും 
തിരതന്നതേ രുചി...!!!

  ജഗദീഷ് കോവളം 

2014, മാർച്ച് 6, വ്യാഴാഴ്‌ച

ഉള്‍വിളി

    ഉള്‍വിളി

ഞാനാണ് മിടുക്കിയമ്മേ..
അമ്മതന്‍ തൃകാല-
ജ്ഞാനത്തില്‍ നിന്നെന്‍-
മനമൊളിപ്പിച്ച-
ഞാനാണ് മിടുക്കിയമ്മേ.. 
പേരിന്‍ പാതിയ്ക്കൊപ്പം 
പ്റാണനുമേകിയ- 
നിനക്കായില്ലെന്‍
മനമളക്കുവാന്‍...
നിനക്കുമുന്പെന്‍-
കുലത്തിലുദിച്ചൊരു-
വന്‍ ദിവ്യഗര്‍ഭേണ-  
ദൈവ പുത്രനായ്‌...
നാല്പ്പത് വെള്ളിക്കാശിന്‍ 
വെളിച്ചത്തിലവനേയു-
മൊറ്റിയെന്‍ പൂര്‍വ്വിക-
രതറികനീ.... മാതേ...
ബ്റിട്ടാസിന്‍ മുന്നില-
നാവൃതയായപ്പോള്‍..
ലഭിക്കുന്നു ശാന്തി നീ-
പകര്‍ന്നതിലേറെയും..
ഇ(ന്ദ(പസ്ഥത്തിലുന്‍-
മാദത്തിലൊഴുകവേയെ-
ന്നുള്ളിലെത്തിയൊരുള്‍
വിളി മന്ദമായ്...
"സായൂജ്യമണയുവാന്‍ 
ഗുരുമുഖം പൂകുക"...
ഞാന്‍ ഗുരുവിലണഞ്ഞുവോ..
ഗുരുവെന്നിലണഞ്ഞുവോ..
സായൂജ്യമെന്നിലണഞ്ഞ-
തറിഞ്ഞു ഞാന്‍...
അമ്മതന്‍ തൃകാലനേ(ത-
മവിടെയും മൂടുവാന്‍ 
കഴിഞ്ഞ ഞാനാണ് മിടുക്കിയമ്മേ.. 
അമ്മതന്‍ തൃകാല-
ജ്ഞാനത്തില്‍ നിന്നെന്‍-
മനമൊളിപ്പിച്ച-
ഞാനാണ് മിടുക്കിയമ്മേ.. 

   ജഗദീഷ് കോവളം 

(ആനുകാലിക സംഭവങ്ങളുമായോ...
ജീവിച്ചിരിക്കുന്നവരുമായൊ..
മരിച്ചു പോയവരുമായൊ
ഈ കവിതയ്ക്ക് ബന്ധമില്ല...)     

2014, മാർച്ച് 3, തിങ്കളാഴ്‌ച

Demand

     ഡിമാന്ട് 

സ്വപ്നത്തിലൊരശരീരി..
ദേവിയാണ് ...
ദേഹമില്ല.. 
ശബ്ദം മാത്റം...
'സംതൃപ്തയാണ് ഞാന്‍..
നിന്നില്‍ പ്റസാദിക്കുന്നു..
ദര്‍ശ്ശനം നല്‍കാം ഞാന്‍..
ശുദ്ധനായെന്നാലയമണയൂ'..

ലഹരിയുമായ് രമിച്ചതി-
ന്നാലസ്യമേറെയെന്നാലും..
കുത്തിത്തുറന്നൂ മിഴിവാതില്‍
തിടുക്കത്തില്‍ ശുദ്ധനായ്..
സുഭ്റ വസ്ത്റ ധാരിയായ്..
'കണ്ണട മറക്കേണ്ട....
മങ്ങേണ്ട കാഴ്ച്ചകള്‍'...
മനസിന്‍ മന്ത്രണം...
തിടുക്കത്തിലണഞ്ഞാലയം
മനംകുളിര്ക്കും ഗന്ധവുമായ്-
മാരുതനണയുന്നു...
ശ്റവണ സുഖമാം...
സുപ്രഭാത കീര്ത്തനം..
കണ്ണിന്നു കുളിരേകി-
നാരീമണീനിര...
ശിലയായ് മരുവുന്നെന്‍-
ദേവീ ബിംബവും...
ദേവീ.. സബ്ദമുറച്ചുവൊ..
പിന്‍തിരിയുന്നൊരു-
'ദേവീ' നാമ ധാരിണി...
തിടുക്കത്തിലിമ പൂട്ടി...
അഞ്ജലീ ബദ്ധനായ്‌...
മനതാരിലപ്പോള്‍...
ദേവിതന്നശരീരി..
'നീയശുദ്ധന്‍.. നിന്മനമശുദ്ധം...
മനശുദ്ധനായണയൂ-
ഞാനേകാമെന്‍ ദര്‍ശ്ശനം'..
മടങ്ങുന്നു ഞാനുറപ്പിച്ച-
മനമോടെ.....
ദീവീരൂപ ദര്‍ശ്ശനമെനിക്ക-
ന്യമീ ജന്മം....


ജഗദീഷ് കോവളം

Badhyathakal....


2014, മാർച്ച് 1, ശനിയാഴ്‌ച

പ്രണയ രഹിതം... വ്യര്‍ത്ഥ ലോകം


പ്രണയ രഹിതം... വ്യര്‍ത്ഥ ലോകം


പ്രണയമേ നീ ഭൂവിലി-
ല്ലായിരുന്നെങ്കിലി-
രവില്ല... പകലില്ല 
പകലൊനുമിവിടില്ല..

മലരില്ല...മധുവില്ല 
മനമില്ല...മണമില്ല
മധുവിധു ...
രാവുകളേതുമില്ല...  

പ്രണയമേ നീ ഭൂവിലി-
ല്ലായിരുന്നെങ്കില്‍ ..
ജനിയില്ല... മൃതിയില്ല 
ജന്മ ബന്ധങ്ങളും..

കളിയില്ല.. ചിരിയില്ല
കഥയില്ല ... വ്യഥയില്ല 
കവിയില്ല... കദനത്തിന്‍ -
കണ്ണുനീരും ....

പ്രണയമേ നീ ഭൂവിലി-
ല്ലായിരുന്നെങ്കില്‍ 
കനവില്ല... കനിവില്ല 
നിനവില്ല... നോവില്ല 

നിറമില്ല... നിറവില്ല 
കുളിരില്ല... കുളിരുന്ന-
മനമില്ല... വര്‍ണ്ണ
വസന്തമില്ല.

പ്രണയമേ നീ ഭൂവിലി-
ല്ലായിരുന്നെങ്കില്‍ 
സുഖമില്ല...ശ്രുതിയില്ല 
സൌഹൃത ബന്ധവും 

നീയില്ല ... ഞാനില്ല 
നീറുന്ന വിരഹവും 
നീര്‍ മിഴിത്തുള്ളിയും 
നിരാശകളും ... 

പ്രണയമേ നീ ഭൂവിലി-
ല്ലായിരുന്നെങ്കില്‍ 
ഈ ഗോള വിസ്മയം 
വ്യര്‍ത്ഥ മല്ലൊ...


ജഗദീഷ് കോവളം

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

(ക) വിത

     (ക) വിത 

വിതയില്ലാ 'കവിതകള്‍' 
തുണിയഴിച്ചാടുമ്പോള്‍ 
കപടത കണ്മുന്നില്‍ 
കമ്പളം നിവര്‍ത്തുന്നു 
കാലാനുവര്‍ത്തിയായ്
ജന്മമൊടുങ്ങുന്നു 
കവിമനമൊളിക്കുവാന്‍ 
വാത്മീകം തേടുന്നു..
കവിതകള്‍ മനതാരില്‍ 
തൂങ്ങി മരിക്കുന്നു 
നിണമിറ്റ നോവോടെ  
തൂലിക മടങ്ങുന്നു 
വാകുകളരൂപിയാ-
മക്ഷരം തിരയുന്നു..
ആശയമാത്മാവില-
ഗ്നിയായ് ജ്വലിക്കുന്നു  
വിതകളൊക്കെയും 
ചിതലരിയ്ക്കുന്നു 
'അയ്യപ്പ'നിപ്പൊഴു-
മാര്‍ത്ത് ചിരിക്കുന്നു...

ജഗദീഷ് കോവളം
 

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

മിഴിനീര്‍

മിഴിനീര്‍ 

കാര്‍ മേഘം:
"ഞാന്‍  കരയാ-
മരുവീ...  
നീ ചിരിക്കാന്‍   
നീ ചരിക്കാന്‍
നീയാഴിയെ-
വരിക്കാന്‍..
ഞാന്‍ കരയാം..
ഞാനലറി-
കരയാം...
എന്‍ മിഴിനീരു-
കൊതിക്കും 
വേഴാമ്പലിനായി..
ഞാന്‍ കരയാം..
ഞാനലറി-
കരയാം...
കോമാളിയാണു 
ഞാന്‍...
എന്‍ മിഴിനീരു-
കാണുംപോള്‍ 
സര്‍വ്വതും ചിരിക്കുന്നു
പൊട്ടിക്കരയുംപോള്‍ 
പൊട്ടിച്ചിരിക്കുന്നു...
കനവും കനിവുമെന്‍ 
കണ്ണീരിനോടില്ല..
നീ ചിരിക്കാനായ് ..
കരയാന്‍.. 
വിധിപ്പെട്ടവള്‍ ഞാന്‍" ...
 
   ജഗദീഷ് കോവളം