നിറമില്ലാ പൂവുകള്‍
നീ ഒഴിയുമ്പോള്‍ നിറയുന്ന മൗനം
നിശ്ചയം എന്‍മനം കാര്‍ന്നു തിന്നുന്നു..
കാത്തിരിപ്പിന്‍ നാഴികയോരോന്നും
കടന്നുപോകാതെ തരിച്ചു നില്‍ക്കുന്നു..!!
പിന്‍വിളികേള്‍ക്കുവാന്‍ കൂര്‍പ്പിച്ച കാതിനെ
കണ്ടില്ലെന്നെന്തെ നടിച്ചതെന്‍ സ്വനം
മടക്കിവിളിക്കുവാനെന്‍ മനംമന്ത്രിച്ചോ
മടങ്ങിവരാനായ് നീയും കൊതിച്ചുവോ... !!
ഓര്‍മ്മതന്‍ വാടിയില്‍ വാടാമലരുകള്‍
നീറുന്ന കാഴ്ചയായ് ബാക്കി നില്പ്പൂ..
ഒന്നില്‍ നിന്നൊന്നു വേര്‍പിരിഞ്ഞിട്ടു-
മിന്നേകമായേകനായൊന്ന് നില്പ്പൂ..!!
പാറിപ്പറന്നോരു പ്രണയത്തിന്‍ വെണ്‍മേഘം
വിരഹത്തിന്‍ വിങ്ങലാല്‍ കറുത്തുപൊയി...
കനം വച്ച പ്രണയത്തിന്‍ കാര്‍മേഘ പാളികള്‍
പെയ്തൊഴിയാനായ് വിങ്ങി നില്‍പ്പൂ....
നിറവും മണവുമായ് നീയകന്നെങ്കിലു-
മെന്‍ മലര്‍വാടിയില്‍ നിറയുന്നു പൂവുകള്‍
നിറവും മണവുമായണയുന്ന നിന്നെയും നോക്കി..
നിറമില്ലാ പൂവുകള്‍ .. മണമില്ലാ പൂവുകള്‍...!!
ജഗദീഷ് കോവളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ