2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

(ക) വിത

     (ക) വിത 

വിതയില്ലാ 'കവിതകള്‍' 
തുണിയഴിച്ചാടുമ്പോള്‍ 
കപടത കണ്മുന്നില്‍ 
കമ്പളം നിവര്‍ത്തുന്നു 
കാലാനുവര്‍ത്തിയായ്
ജന്മമൊടുങ്ങുന്നു 
കവിമനമൊളിക്കുവാന്‍ 
വാത്മീകം തേടുന്നു..
കവിതകള്‍ മനതാരില്‍ 
തൂങ്ങി മരിക്കുന്നു 
നിണമിറ്റ നോവോടെ  
തൂലിക മടങ്ങുന്നു 
വാകുകളരൂപിയാ-
മക്ഷരം തിരയുന്നു..
ആശയമാത്മാവില-
ഗ്നിയായ് ജ്വലിക്കുന്നു  
വിതകളൊക്കെയും 
ചിതലരിയ്ക്കുന്നു 
'അയ്യപ്പ'നിപ്പൊഴു-
മാര്‍ത്ത് ചിരിക്കുന്നു...

ജഗദീഷ് കോവളം
 

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

മിഴിനീര്‍

മിഴിനീര്‍ 

കാര്‍ മേഘം:
"ഞാന്‍  കരയാ-
മരുവീ...  
നീ ചിരിക്കാന്‍   
നീ ചരിക്കാന്‍
നീയാഴിയെ-
വരിക്കാന്‍..
ഞാന്‍ കരയാം..
ഞാനലറി-
കരയാം...
എന്‍ മിഴിനീരു-
കൊതിക്കും 
വേഴാമ്പലിനായി..
ഞാന്‍ കരയാം..
ഞാനലറി-
കരയാം...
കോമാളിയാണു 
ഞാന്‍...
എന്‍ മിഴിനീരു-
കാണുംപോള്‍ 
സര്‍വ്വതും ചിരിക്കുന്നു
പൊട്ടിക്കരയുംപോള്‍ 
പൊട്ടിച്ചിരിക്കുന്നു...
കനവും കനിവുമെന്‍ 
കണ്ണീരിനോടില്ല..
നീ ചിരിക്കാനായ് ..
കരയാന്‍.. 
വിധിപ്പെട്ടവള്‍ ഞാന്‍" ...
 
   ജഗദീഷ് കോവളം    

മൗനനൊമ്പരം

മൗനനൊമ്പരം

മാനത്തിന്‍ നോവുക-
ളേറ്റു വാങ്ങി 
കറുത്ത് ഘനം വച്ച് 
വേച്ച് വേച്ചൊഴുകും 
കാര്‍ മുകിലെ...
നോമ്പരമാകെ 
പെയ്തൊഴിയുംപോള്‍
നിന്‍ ഭാരമൊട്ടൊ-
ഴിയാറുന്ടോ..    
നിന്‍ മനമാകെ-
കുളിര്‍ക്കാറുന്ടോ   
നീയും വെണ്മ-
പുതയ്ക്കാറുണ്ടോ..
മാനം നിന്നെയും -
പുണരാറുണ്ടോ...?

  ജഗദീഷ് കോവളം      

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച




കഷ്ടപ്പെട്ട് തന്നിഷ്ടനായപ്പോള്‍ 
നഷ്ടമായതൊക്കെയുമെ-
ന്നിഷ്ടങ്ങളായിരുന്നു...

ക്രയവിക്രയം

       ക്രയവിക്രയം 

എനിക്കൊപ്പമെന്നോര്‍മ്മകളും 
പകര്‍ന്നു നല്‍കാം മമ സഖീ... 
ഞാനുമൊരോര്‍മ്മയാകുമ്പോള്‍
എനിക്കൊപ്പമെന്നോര്‍മ്മകളും..
നിന്നോര്‍മ്മയില്‍ പുലരുമെങ്കില്‍..      

        ജഗദീഷ് കോവളം 

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

അവസ്ഥാന്തരങ്ങള്‍

അവസ്ഥാന്തരങ്ങള്‍

 മേഘം മേഘത്തി-
ലുരയുന്ന ഹുങ്കാരമല്ല ...
ജലം ജലത്തിലലിയുന്ന 
കളകളാരവമല്ല... 
ദളം  നുകരുമളിതന്‍ 
മൂളലുമല്ല...
കൊക്കുരുമ്മുമിണക്കിളി- 
തന്‍ കുറുകലല്ല..
ഇണചേരും നാഗത്തിന്‍ 
ശീല്‍ക്കാരമല്ല...
സഖീ നിന്‍ മൗനത്തിന്‍-
ശബ്ദ മെന്ത്...? 

സ്നിഗ്ധ മോഹത്തിന്‍
തിളക്കമല്ല...
നഷ്ട സ്വപ്നത്തിന്‍ -
ദൈന്യതയല്ല..
ദിവ്യ പ്രണയത്തിന്‍..
വെളിച്ചമല്ല ...
നുരപൊന്തിയൊഴുകും 
കാമമല്ല...
പ്രിയേ നിന്‍നൊട്ട- 
ത്തിന്നര്‍ത്ഥമെന്ത്...?  

അകം ചൊരിയും 
പ്രേമത്തിന്നാവിയല്ല..
ജ്വലിക്കുന്ന കാമത്തിന്‍ 
ചൂടുമല്ല...
മടുപ്പിക്കും മരണത്തിന്‍ 
തണുപ്പുമല്ല...
പ്രണയിനീ പിന്നെ-
നിന്നവസ്ഥയെന്ത് ...?

ജഗദീഷ് കോവളം 

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

നിനക്ക് വേണ്ടി

നിനക്ക് വേണ്ടി

മിഴി നിറഞ്ഞിട്ടും 
മനം കുളിര്‍ത്തത്
നിനക്ക് വേണ്ടി..

മനമുരുകുംപോള്‍ 
ചിരി വിടര്‍ന്നതും
നിനക്കുവേണ്ടി.. 

ചിരി പിരിഞ്ഞിട്ടും
ആശ കാത്തത് 
നിനക്ക് വേണ്ടി.. 

നിരാശയിലും 
പ്രതീക്ഷ കൊണ്ടത് 
നിനക്ക് വേണ്ടി...

ഇനിയും അണയാത്ത 
മരണമേ...
നിനക്ക് വേണ്ടി.... 

ജഗദീഷ് കോവളം 

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

നരഭോജികള്‍

 നരഭോജികള്‍ 

പച്ച മാംസത്തെ-
തോലുരിയ്ക്കാതെ 
തുണിയഴിച്ച്
ചൂഴ്ന്നു തിന്നുന്നു
അകം-പുറം ഭേദമന്യേ- 
നരഭോജികളാം..
നയനത്രയങ്ങള്‍...? 

ജഗദീഷ് കോവളം  

2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

മടക്കയാത്ര

മടക്കയാത്ര 

എഴുത്താണിക്ക്..
മുന കൂര്‍പ്പിക്കണം
ചങ്കില്‍ നിന്നും... 
മഷി പകര്‍ത്തണം   
മനസ്സിലുറഞ്ഞടിഞ്ഞ... 
നോവുകളൊക്കെയും...
കുത്തിപ്പുറത്തെടുക്കണം 
ശൂന്യതയിലെഴുതി...
തെരുവിലെറിയണം..
ആര്‍ത്തുചിരിക്കണം...
നോവുപേറിയ...
തെരുവിനെ നോക്കി..
ആര്‍ത്തു ചിരിക്കണം...
പിന്നെ മടങ്ങണം...
നോവുകള്‍ പോയൊരാ...
നോവും പേറി....
പിന്നെ മടങ്ങണം..
ഇനിയൊരു മടക്കം..
ബാക്കിവയ്ക്കാതെ...
പിന്‍വിളി കേള്‍ക്കാതെ..
പിന്‍തിരിയാതെ..   
സ്വതന്ത്രമായ്.... 
പിന്നെ മടങ്ങണം... 

ജഗദീഷ് കോവളം 

2014, ഫെബ്രുവരി 12, ബുധനാഴ്‌ച

വ്യത്യാസം

        വ്യത്യാസം 

ഞാനും നീയും നില്‍ക്കുന്നത്..  
കയ്യെത്തും ദൂരത്ത് 
എന്നിട്ടുമെന്തേ നമുക്കിടയില്‍.. 
ജന്‍മാന്തരം...
ഞാനും നീയും ചരിപ്പ-
തൊരേപാതയില്‍ ..
എന്‍ കാല്‍കീഴില്‍ മാത്രമെന്തീ..
കൂര്‍ത്തമുള്ളും..കല്ലും... 
ഞാനും നീയും നില്‍ക്കുന്നത്.. 
ഒരേ മാനത്തിന്‍ കീഴില്‍ ..
എനിക്ക് മുകളില്‍ മാത്രമെന്തേ.. 
കാര്‍മേഘ ശകലങ്ങള്‍ 
ഞാനും നീയും നനയുന്നത്... 
ഒരേമഴത്തുള്ളികള്‍...
ഞാന്‍ നനയുന്നതിനെന്തേ.. 
മിഴിനീരിന്‍ ചൂടും,രുചിയും
ഞാനും നീയും ശ്വസിപ്പത് ഒരേ വായു...
എന്‍ നിശ്വാസങ്ങള്‍ക്കെന്തിത്ര-
പൊള്ളുന്ന ചൂട്
നീയാം വീണയിലെന്‍ വിരല്‍..
തൊടുമ്പോള്‍ മാത്രമെന്തപശ്രുതികള്‍...

   ജഗദീഷ് കോവളം 

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

ഹോളീഡേ

 ഹോളീഡേ

ഇവന്‍  ദൈവപുത്രന്‍ 
കാലിത്തൊഴുത്തു മുതല്‍-
കാല്‍വരിയോളം 
കാലത്തിനൊപ്പം നടന്നകന്നവന്‍
ഒറ്റുകാര്‍ക്കിരപ്പെട്ടവന്‍...
സ്വന്തം കുരിശു ചുമന്നവന്‍..
'നല്ലവെള്ളി 'യില്‍ ക്രൂശിതനായവന്‍ 
'പരിശുദ്ധ ഞായറില്‍'
ഉയര്‍ത്തെഴുന്നേറ്റവന്‍...
'ഗുഡ് ഫ്രൈഡേ'യും, 
'ഹോളീഡേ'യും...
പ്രദാനം ചെയ്തവന്‍...
ഇന്ന് കലണ്ടറിലെ രണവര്‍ണ്ണ-
ദിനങ്ങളാകവേ ഞാന്‍ നിന്റെ-
നാമത്തില്‍ 'പരിശുദ്ധ'മാക്കട്ടെ...
അവധി ദിനങ്ങള്‍ ഞാനാ-
ഘോഷമാക്കുമ്പോള്‍ ....
ഓര്‍ക്കുക വിസ്മരിക്കുന്നില്ല-
ഞാന്‍ നിന്റെ ത്യാഗത്തിനെ-
'ഹോളീഡെ' നല്കിയ-  
നിന്നുയര്‍ത്തെഴുന്നേല്‍പ്പിനെ..

  ജഗദീഷ് കോവളം 

2014, ഫെബ്രുവരി 10, തിങ്കളാഴ്‌ച

കലിയുഗ കാഴ്ചകള്‍

     കലിയുഗ കാഴ്ചകള്‍
 
ഇറ്റു നോക്കാമീ കലിയുഗ കാഴ്ചകള്‍..  
ഉറ്റുനോക്കാം നമ്മുടെ നാളെകള്‍... 
ആരാധനാലയമന്ധവിസ്വാസത്തിന്‍ 
കൂടാരമെന്നോതിയോര്‍  തീര്‍ക്കുന്നു
അന്ധമായ്-വിശ്വാസത്തിന്‍ മണിമാളികള്‍ 
വിപ്ലവ മേറെ തിള്ളച്ചുതിളച്ചാ-
ത്യാത്മികതയായ് പരിണാമം പൂകുന്നു...    
മുല മറയ്ക്കാന്‍  പോരാടി നേടിയോ -
രവകാശം അബദ്ധമായെന്നു തോന്നുന്നു...
മാതാ-പിതാക്കളകന്നു കഴിയവേ..
ഗുരു-ശിഷ്യതന്‍  മടിക്കുത്തഴിക്കുന്നു...
ലിംഗ പൂജിതരാമാള്‍ ദൈവങ്ങള-
ഭിഷേകത്തിനുമിനീരു തേടുന്നു...
മാതാ-പിതാ-ഗുരു-ദൈവങ്ങളാകവേ.. 
പൊള്ളയാം വെറും ..സങ്കല്പ്പമാകുന്നു..
നേരും..നെറിയും നിഘണ്ടുവിലുറങ്ങുന്നു...
രാമരാജ്യത്തിന്‍ ഘടനകള്‍ മാറുമ്പോള്‍ 
ഗാന്ധിജി വീണ്ടും..വീണ്ടും മരിക്കുന്നു...
ഇമയേതുമനക്കാതെ കാത്തിരിക്കാ-
മിനിയുമേറെ കാഴ്ചകള്‍കണ്ടുതീര്‍ക്കാം .. 

          ജഗദീഷ് കോവളം  

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

മനക്കരുത്ത്

         മനക്കരുത്ത്

സ്ഫുടം ചെയ്യണം മനസ്സിനെ..
ഉരുക്കുപോലാക്കണമിടയ്ക്കിടെ...
പദം വന്നു കഴിഞ്ഞാലൊരിറ്റുകാലം...
വ്യഥയേതുമേല്‍ക്കാതെ കഴിഞ്ഞുകൂടാം....
താഡന ഘോഷങ്ങള്‍ നാള്‍ക്കുനാളില്‍ 
മനസ്സാം പാത മദിച്ചിടുമ്പോള്‍...
ഉയരുന്ന ധൂളികളേറ്റുവാങ്ങി...
മനക്കരുത്താകെ ചോര്‍ന്നിടുംപോള്‍...
അടിതെറ്റിയവനിയില്‍ വീണിടാതെ... 
സ്ഫുടം ചെയ്യണം മനസ്സിനെ..
ഉരുക്കുപോലാക്കണമിടയ്ക്കിടയ്ക്ക്...
പ്രണയമാം പാഷാണം മുഖത്തെറിഞ്ഞ്...
പ്രണയിനി വഴിമാറി പോകുംനേരം...
വൃദ്ധസദനത്തിന്‍ വാതില്‍ക്കലോളം..
അരുമയാം പൊന്‍മക്കളനുഗമിക്കുമ്പൊള്‍...
നിലയില്ലാ വെള്ളത്തില്‍ മാനം നോക്കി ...
മാതാപിതാക്കളൊഴുകിടുമ്പോള്‍...
ഉദരത്തിലുയിര്‍ കൊള്ളും ....
ഭ്രൂണത്തിന്നുടയോനെത്തേടി ...
ഉയിരാം കൂടെപ്പിറപ്പലഞ്ഞിടുംപോള്‍...
വീതിച്ച മണ്ണിന്‍ സിംഹഭാഗത്തിനായ് ..
കുഞ്ഞനുജന്‍ വാളുയര്‍ത്തിടുംപോള്‍...
സ്ഫുടം ചെയ്യണം മനസ്സിനെ..
ഉരുക്കുപോലാക്കണമിടയ്ക്കിടയ്ക്ക്...
പദം വന്നു കഴിഞ്ഞാലൊരിറ്റുകാലം...
വ്യഥയേതുമേല്‍ക്കാതെ കഴിഞ്ഞുകൂടാം...

         ജഗദീഷ് കോവളം 
  

നീയെനിയ്ക്കാരാണ്...?

നീയെനിയ്ക്കാരാണ്...?
നീയെനിയ്ക്കാരാണ് ....?
അന്യയല്ല....!!!
എനിക്ക് വശംവദയാകാന്‍...
നീയെന്നടിമയാണോ...?
വിശപ്പും, ദാഹവുമകറ്റും...
നീയെന്നന്നമാണോ...?
എന്നെ ഉത്തേജിപ്പിക്കും...
നീയെന്‍ കാമിനിയൊ...?
എന്നുള്ളറിയും...
നീയെന്നമ്മയാണോ...?
നീയെനിയ്ക്കാരാണ് ....?
അന്യയല്ല....!!!
എന്‍നോവ് കടംകൊള്ളും....
നീയെന്‍ പ്രണയിനിയോ.. .
എന്നെ അനുസരിക്കും...
നീയെന്‍ മകളാണോ...?
എന്നെ അനുനയിപ്പിക്കും....
നീയെന്‍ പ്രിയ സ്നേഹിതയൊ...?
എന്നില്‍ പ്രതീക്ഷ ചൊരിയും..
നീയെന്‍ ദേവതയോ....?
എന്നെ ഞാനാക്കിയ...
നീയെന്‍ സൃഷ്ടി കര്‍ത്താവോ....?
എന്നെ ചേര്‍ത്തണയ്ക്കും....
നീയെന്നുടപ്പിറപ്പോ.....?
നീയെനിയ്ക്കാരാണ് ....?
അന്യയല്ല....!!!
ഏകാന്തതകളിലെന്നിലണയും... 
നീയൊരു സ്വര്‍ലോക മാലാഖയോ...?
ചിന്തകളിലഗ്നി പകരും...
നീയെന്‍ ശുഭപ്രതീക്ഷയാണോ...?
ചിത്തത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കും..
പ്രിയേ നീയെന്‍ ശത്രുവാണോ....?
ചിത്തത്തില്‍ പൊടിയുമാ നിണം തുടയ്ക്കും...
അഴകേ നീ സിദ്ധലേപനമോ.....?
നീയെനിയ്ക്കാരാണ് ....?
കവിതേ.... 
നീയെനിക്കന്യയല്ല....!!!


ജഗദീഷ് കോവളം

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

എന്നെമാത്രം

അഴിതന്നാഴമളന്നു ഞാന്‍ ..
വിണ്ണിലേയ്ക്കുള്ള ദൂരവും..
മണല്‍ത്തരികള്‍ തന്നെണ്ണവും..
ഹൃദിസ്ഥമാക്കിയിരിപ്പൂ ഞാന്‍... 
താരാപഥത്തിന്‍ വലിപ്പവും...
താരാഗണത്തിന്നെണ്ണവും...
ലളിതമായപഗ്രധിച്ചു ഞാന്‍...
സൃഷ്ടി,സ്ഥിതി,സംഹാര-

കാരണങ്ങളാകവേ...
മന:പാഠമാണെനിക്കിന്ന്...
അറിയാനാകാത്തതി-
തൊന്നു മാത്രം...
അറിയാനുള്ളതുമി-
തൊന്നു മാത്രം...
ഞാനാകുമെന്നിലെ-
എന്നെ....മാത്രം.....

ജഗദീഷ് കോവളം

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

        മറ
എന്റെ കല്ലറയില്‍ ...
ഹൃദയത്തിന്‍ സ്ഥാനത്ത്..
നീയാ കറുത്ത കൂറ വിരിക്കണം....
എന്റെ പ്രണയം കാണാതിരിക്കാന്‍ 
നീ കണ്ണുകള്‍ മറച്ച ആ കറുത്ത കൂറ
എന്റെ ഹൃദയത്തില്‍ ഉറഞ്ഞടിഞ്ഞ-
നിന്നോടുള്ള പ്രണയം മറ്റാരും 
കാണാതിരിക്കാന്‍..... 


   ജഗദീഷ് കോവളം
അനുഗമിക്കരുതവളെ

പ്രണയം... 
വിരഹത്തിന്‍ പടനായിക..
പ്രണയം....
വിരഹത്തിന്‍ പ്രവാചക..
പ്രണയം...
വിരഹത്തിന്‍ സ്തുതി പാടക..
പ്രണയം...
വിരഹത്തിന്‍ കാവല്‍ മാലാഖ ..

പ്രണയം...
വിരഹത്തിന്‍ കരിമ്പടത്തിനുമേല്‍ -
വെള്ളപൂശുന്നവള്‍..
പ്രണയം....
വിരഹത്തിന്‍ കരാള ഹസ്തങ്ങള്‍ക്ക്
ചാരുത പകരുന്നവള്‍ ...
പ്രണയം....
വിരഹത്തിന്‍ കാളകൂടത്തി-
ന്നമൃതിന്‍ പരിവേഷമേകുന്നവള്‍ ...
പ്രണയം......
വിരഹത്തിന്നന്ധകാരത്തി-
ലേക്ക് വിളക്ക് ചൂണ്ടുന്നവള്‍ ...
പ്രണയം....
വിരഹത്തിന്നായുധമൊരുക്കുന്നവള്‍...
പ്രണയം...
വിരഹത്തിന്നിരയെ തേടുന്നവള്‍...
അനുഗമിക്കരുതവളെ.....
അനുഗമിക്കരുതവളെ.....


ജഗദീഷ് കോവളം