2014, ജൂൺ 18, ബുധനാഴ്‌ച

ബന്ധിതര്‍

               ബന്ധിതര്‍ 

ഒരു താരാ പഥത്തിലെ താരാ ഗണത്തിലെ 
കണ്‍ചിമ്മും താരങ്ങള്‍ നമ്മള്‍...

അടുക്കുവാനാകാതെ അകലുവാനാകാതെ 
തിരിയുന്ന ഗോളങ്ങള്‍  നമ്മള്‍... 

ചുറ്റിക്കറങ്ങുന്ന ഗോളങ്ങള്‍ നമ്മള്‍ ..
ആരോ ചലിപ്പിക്കും പാവകള്‍ നമ്മള്‍ ....

കണ്ണെത്തും ദൂരത്തില്‍ നിന്നൊന്നടുക്കുവാന്‍
കഴിയാത്ത പ്രതിമകള്‍ നമ്മള്‍...

പ്രാസാദത്തിലമരുന്ന ബിംബങ്ങള്‍ നമ്മള്‍...
ഉടയോരുള്ളോരടിമകള്‍ നമ്മള്‍...

കയ്യെത്തും ദൂരത്തില്‍ കയ്യൊന്നു കോര്‍ക്കുവാന്‍ 
കഴിയാത്ത ബന്ധിതര്‍ നമ്മള്‍...

ചിറയാല്‍  ബന്ധിച്ച സേതുക്കള്‍ നമ്മള്‍.... 
കാലം കളിപ്പിക്കും  കോലങ്ങള്‍  നമ്മള്‍ ....

             ജഗദീഷ് കോവളം 





2014, ജൂൺ 17, ചൊവ്വാഴ്ച

നിറമില്ലാ പൂവുകള്‍


      നിറമില്ലാ പൂവുകള്‍

നീ ഒഴിയുമ്പോള്‍ നിറയുന്ന മൗനം
നിശ്ചയം എന്‍മനം കാര്‍ന്നു തിന്നുന്നു..

കാത്തിരിപ്പിന്‍ നാഴികയോരോന്നും 
കടന്നുപോകാതെ തരിച്ചു നില്‍ക്കുന്നു..!!

പിന്‍വിളികേള്‍ക്കുവാന്‍ കൂര്‍പ്പിച്ച കാതിനെ 
കണ്ടില്ലെന്നെന്തെ നടിച്ചതെന്‍ സ്വനം 

മടക്കിവിളിക്കുവാനെന്‍ മനംമന്ത്രിച്ചോ 
മടങ്ങിവരാനായ് നീയും കൊതിച്ചുവോ... !!

ഓര്‍മ്മതന്‍ വാടിയില്‍ വാടാമലരുകള്‍ 
നീറുന്ന കാഴ്ചയായ് ബാക്കി നില്പ്പൂ..

ഒന്നില്‍ നിന്നൊന്നു വേര്‍പിരിഞ്ഞിട്ടു-
മിന്നേകമായേകനായൊന്ന് നില്പ്പൂ..!!  

പാറിപ്പറന്നോരു പ്രണയത്തിന്‍ വെണ്‍മേഘം
വിരഹത്തിന്‍ വിങ്ങലാല്‍ കറുത്തുപൊയി...  

കനം വച്ച പ്രണയത്തിന്‍ കാര്‍മേഘ പാളികള്‍
പെയ്തൊഴിയാനായ് വിങ്ങി  നില്‍പ്പൂ....

നിറവും മണവുമായ്‌ നീയകന്നെങ്കിലു-
മെന്‍ മലര്‍വാടിയില്‍ നിറയുന്നു പൂവുകള്‍ 

നിറവും മണവുമായണയുന്ന നിന്നെയും നോക്കി..  
നിറമില്ലാ പൂവുകള്‍ .. മണമില്ലാ പൂവുകള്‍...!!

               ജഗദീഷ് കോവളം 

2014, ജൂൺ 4, ബുധനാഴ്‌ച

'നിന്നിലെ ഞാന്‍'

 'നിന്നിലെ ഞാന്‍'

നീ വായിച്ചടച്ച പുസ്തകത്തിലെ
വായിക്കാന്‍ മറന്ന താളല്ലോ ഞാന്‍..

നീ പലവുരു ഓര്‍ത്തിട്ടും 
പറയാതെ മറന്ന പദമല്ലൊ ഞാന്‍.. 

നീ ചൂടിയ മലരില്‍ നിന്നടര്‍ന്നു 
പോയൊരു  ദലമല്ലൊ ഞാന്‍...  

നീ മീട്ടിയ വീണയിലെ സ്വര- 
മുതിരാ തന്ത്രിയല്ലോ ഞാന്‍...

നീ വരച്ച ചിത്രത്തില്‍ നിറ-
ഞ്ഞൊഴുകിയ നിറമല്ലോ ഞാന്‍...

സഖീ ... നീ തീര്‍ത്ത ശില്‍പ്പത്തിനായ് 
കുഴചെടുത്ത കളിമണ്ണ് ഞാന്‍..   

        ജഗദീഷ് കോവളം

2014, ജൂൺ 2, തിങ്കളാഴ്‌ച

"ഇനിയും ആമി പറയട്ടെ"

 "ഇനിയും ആമി പറയട്ടെ"

എനിക്കിനിയുമേറെ  
പറയാനുണ്ടായിരുന്നു...
കാതടച്ചു... നിങ്ങളെന്നെ..
കറുപ്പുടുത്ത കാരണത്താല്‍...  

കാഫിറാക്കി പുറംതള്ളി.. 
പടിയടച്ചവര്‍ പിണ്ഡമുട്ടി ..
അക്ഷരങ്ങളും അന്യമാക്കി.. 
അരുംകൊല ചെയ്തില്ലേ നിങ്ങള്‍..?  

കറുത്ത പര്‍ദ്ദക്കുള്ളിലെന്‍  
തുടുത്ത  മനം തേങ്ങിയതും 
നീര്‍മാതള മൊട്ടുകള്‍ മുളയിലെ 
കരിഞ്ഞതും കണ്ടു നീ കണ്ണടച്ചു..!!

തളിരണിഞ്ഞ നീര്‍മാതള ചില്ലതന്നില്‍ നീ 
കരിമ്പട്ടു പുതച്ചപ്പോള്‍ കരുതി ഞാന്‍ 
തണലേകുവാനാകുമെന്ന് ...!!
ശ്വാസമമര്‍ത്തി കൊല്ലുമെന്ന്  
നിനച്ചതില്ല ഞാന്‍ സഖേ....

'സമദാനം' ചെയ്യാമെന്ന വാഗ്ദാനത്തില്‍ 
സര്‍വ്വവും ദാനമായേകിയില്ലേ...
എന്നിട്ടുമെന്തിനീ  മാതള മലരിനെ 
മണ്ണിതിന്‍ മാറില്‍ വലിച്ചെറിഞ്ഞു..?

മനം നിറഞൊഴുകിയ പ്രണയ പ്രവാഹത്തെ     
മതത്തിന്‍ മതിലാല്‍ തടുത്തതെന്തേ....?
കഥകള്‍ വിടര്‍ന്നോരെന്‍ മലര്‍വാടി നീ..
തുറക്കാ താഴിട്ടടച്ചതെന്തേ ... ? 

      ജഗദീഷ് കോവളം