2014, മേയ് 29, വ്യാഴാഴ്‌ച

നീലിച്ച ഹൃദയങ്ങള്‍

"നീലിച്ച ഹൃദയങ്ങള്‍


അഭിനവ പ്രണയം 
പൂത്ത വഴികളിലൂടെ 
തിരിഞ്ഞു  നടക്കുമ്പോള്‍...
"മധു  ചൊരിഞ്ഞ മലരുകളില്‍ 
കറയൊലിക്കുന്നു...
വഴിനീളെ തേങ്ങലുകള്‍ 
അനാഥത്വം പേറുന്നു....
ചതഞ്ഞരഞ്ഞ പൂക്കള്‍ക്ക്
ശവം നാറി ഗന്ധം...
ദുര്‍ഘടമാം പാതകളില്‍ 
വര്‍ണ്ണമകന്ന വളപ്പൊട്ടുകള്‍ 
വാഗ്ദാനങ്ങളും, പ്രലോഭനങ്ങളും 
ചൂടാറിയ ചുംബനക്കൂനകളും 
അഴുകി നീരൊലിക്കുന്നു...
കാമക്കനലുകളിനിയും 
അണയാതെ പുകയുതിര്‍ക്കുന്നു..
ഗര്‍ഭ നിരോധന ഉറകളനേകം
ശവപ്പെട്ടിതന്‍ ധര്‍മ്മം പേറുന്നു...
പ്രണയ രക്തസാക്ഷികളാമാണും 
പെണ്ണും അതിലുറങ്ങുന്നു...
ഉപേക്ഷിക്കപ്പെട്ട നിലയില്‍ 
വിഷംതുപ്പി നീലിച്ച  രണ്ടു 
ഹൃദയങ്ങളും......"

    ജഗദീഷ് കോവളം 

2014, മേയ് 6, ചൊവ്വാഴ്ച

'പടിയിറക്കല്‍'

   'പടിയിറക്കല്‍'  
 
ആകാശത്തിലും അസമത്വമോ... 
അംബരത്തിലും അവര്‍ണ്ണ-
സവര്‍ണ്ണ സമരമോ...?  
കരിമുകിലിനെ ഭ്റഷ്ട്ട് കല്പ്പിച്ച്
പടിയിറക്കുന്നോ സവര്‍ണ്ണരാം 
വെണ്‍ മേഘ തംപ്റാക്കള്‍... ?
സവര്‍ണ്ണ ഗര്‍ജ്ജനമോ ഇടിനാദം..?
കാര്‍മുകിലിനു  കണ്ണീരുമാ-
യൂഴിയിലഭയമോ...?
അവര്‍ണ്ണനെയൂഴിയിലേ-
ക്കാനയിക്കും ചുട്ട് വെട്ടമോ-
വെള്ളി മിന്നല്‍ പിണറുകള്‍..? 

   ജഗദീഷ് കോവളം          

2014, മേയ് 5, തിങ്കളാഴ്‌ച

അരുത് മീരാ....

അരുത് മീരാ....

അരുത് മീരാ.....
നിന്‍ ഭക്തി ലഹരി
ഇനിയും അരുത് മീരാ...

പ്റേമത്തിന്നുപരിയായ് 
നീപൂകും ഭക്തിതന്‍  
ഉന്മാദമണയുവാ-
നൊരുവേള രാധയ്ക്കും
തോന്നിയാലോ..

ആകയാലരുത് മീരാ..
നിന്‍ ഭക്തി ലഹരി
ഇനിയുമരുത് മീരാ..
   
മുപ്പത്തിമുക്കോടി 
മതിവരാതിന്നിന്റെ 
മര്‍ത്യരുന്‍മത്തരായീ-
ശ്വര സൃഷ്ടി നടത്തിടവേ..  

ഭക്തിയും വില്‍ക്കുവാ-
നൂഴിയിലായിരം മര്‍ത്യ- 
ജന്‍മങ്ങളുഴറീടവേ..

പ്റേമത്തിന്‍ നാമ്പുകള്‍  
വിടരാതെ മുളയിലേ
വാടിക്കരിഞ്ഞു 
കൊഴിഞ്ഞു വീഴ്കെ..

പ്റേമം തളിര്‍ത്തോരു-
വാടികളിലെമ്പാടും       
ഭക്തിമലരുകളിതള്‍വിടര്‍ത്തേ...

കലികാല ജന്മങ്ങളെനിക്കു ചുറ്റും   
കപട ഭക്തരായ് തൊഴുതു നില്‍ക്കേ..

പ്രേമത്തിന്നുപരിയായ് ഭക്തിയെ 
പുല്‍കുവാനൊരുവേള രാധയ്ക്കും
തോന്നിയാലൊ ..!! 

ആകയാലരുത് മീരാ..
നിന്‍ ഭക്തി ലഹരിയിനിയും..
അരുത് മീരാ.....       

ജഗദീഷ് കോവളം