2014, ജനുവരി 30, വ്യാഴാഴ്‌ച

കണ്ണനും കോരനും

കണ്ണനും കോരനും 

കണ്ണനെ കണ്ടെടുത്തവന്‍ 
കോരന്‍ .... 
കണ്ണന്റെ കളിക്കൂട്ടുകാരനും 
കോരന്‍ ....
കണ്ണനെ ഊട്ടിയതും, ഉറക്കിയതും
കോരന്‍ ...
വിശന്നിരുന്നും കണ്ണന്റെ-
വിശപ്പകറ്റിയോന്‍ കോരന്‍ 

കണ്ണിലെണ്ണയുമായ്..
കണ്ണനെണ്ണതേടിയോന്‍ കോരന്‍
കണ്ണന്നു തോഴന്‍ കോരന്‍
കണ്ണന്നുടയോനും കോരന്‍
കണ്ണനും കോരനും തുല്യമായത്-
കണ്ണീരും,കറുപ്പും മാത്രം..
കാലചക്രമുരുളവേ...
കണ്ണനെ നാടറിഞ്ഞു..
കൊരനിലൂടെ ...
കണ്ണന്റെ കഷ്ടതയ്ക്കറുതിയായി
കറുത്ത കണ്ണനെ തേടി-
വെളുത്തവരണഞ്ഞു...
മാറിന്നുകുറുകെ-
പാശമണിഞ്ഞവര്‍
ദൈവത്തിന്‍ ഭാഷ പേശുന്നവര്‍..
കണ്ണനറിയാതെ.. കാലമറിയാതെ
കണ്ണനെയവരടിമയാക്കി
കണ്ണന്നതിരു തിരിച്ചവരാ-
ലയമൊരുക്കി....
സ്വര്‍ണ്ണത്താലത്തില്‍ ബന്ധനസ്ഥനാം-
കണ്ണന്നു വര്‍ഗ്ഗവിഷമൂട്ടി
ഒടുവിലൊരു നാള്‍ കണ്ണനെ-
കാണാന്‍ കോരനണയവേ ...
തായത്ത് ചൂണ്ടിയാക്രോശമായ് ..
നീ അധകൃതന്‍....
കണ്ണന് നീ നിഷിധന്‍...
കോരന്‍ നോവാല്‍ കണ്ണനെ നോക്കവെ ..
കണ്ണനും കോരന്ന് മുന്നില്‍ കണ്ണടച്ചു..
ഇപ്പോഴും......
കണ്ണനും കോരനും തുല്യമായത്-
കണ്ണീരും,കറുപ്പും മാത്രം.. 


ജഗദീഷ് കോവളം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ