2016, മേയ് 3, ചൊവ്വാഴ്ച

ചിന്താമുലകൾ


മുലപോൽ മുളച്ച ചിന്താമുകുളങ്ങൾക്ക്
വലുപ്പക്കുറവിലും ദൃഡതയുണ്ടായിരുന്നു
അഗ്രം നിറം മാറിയ മുലക്കണ്ണുപോൽ 
ശൂന്യതയെ തുറിച്ചു നോക്കിയിരുന്നു..
ഉദ്ദ്വീപിക്കുമ്പോൾ വലിഞ്ഞുമുറുകുന്ന
പെരുപ്പിനും മുലകളോടായിരുന്നു സാമ്യം..
അധീശത്തിന്റെ ബ്രായ്ക്കുള്ളിലമർന്നിട്ടും
ബന്ധിപ്പിച്ച റബ്ബർവള്ളികൾ അല്പ്പസ്വാതന്ത്ര്യമനുവദിച്ചു..
ഏകാന്തതകളിൽ വളരുന്ന ചിന്താവലുപ്പം
സ്വയമാസ്വദിക്കുമ്പോൾ ചിന്താമുലകളുയർന്നുതാണു..
തഴുകിത്തലോടുമ്പോൾ വിദ്യുത്പ്രവാഹം
ചിന്താമുലക്കണ്ണിനു ചുറ്റും രസമുകുളങ്ങളുണ്ടാക്കി..
കാരാഗൃഹവാസിയാം കരബന്ധനസ്ഥന്റെ
ഉദ്ധരിച്ച ലിംഗം പോൽ നിസ്സഹായതയിലും
തുറിച്ചു നിൽക്കുന്ന ചിന്താമുലകളെ
ഞെരിച്ചുടച്ചെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്...
പൈതൽ വേർപിരിഞ്ഞ അമ്മമുലപോലെ
സുഷിരാഗ്രങ്ങളിൽ ചിന്തചീന്തുകളിറ്റിച്ച്
കൂമ്പിയ മിഴികൾക്ക് കീഴിൽ തുറിച്ചു നോക്കാറുണ്ട്
പച്ച ഞരമ്പുകൾ തെളിയുന്ന ചിന്താമുലക്കണ്ണുകളും..
ഭാരമേറിതൂങ്ങിയിട്ടും യവ്വനത്തുടിപ്പുകൾ
വടിവോടെ താങ്ങി നിറുത്താറുണ്ട് ചിന്താമുലകളെ...
വാർദ്ധക്യം ചിന്തകളിൽ ചേക്കേറുമ്പോൾ
ചുക്കിച്ചുളുങ്ങി തൂങ്ങിയാടാറുണ്ട് ചിന്താമുലകൾ..!!
ജഗദീഷ് കോവളം

തമസ്സ്

തമസ്സ്
******
വെട്ടത്തുള്ളികളിറ്റുവീഴാത്ത 
ഊഷരഭൂമികൾ മണ്ണിലും മനസ്സിലും 
കെട്ടിമറയ്ക്കുന്നു കണ്ണിന്നുമുന്നിലായ് 
കറുത്ത നൂലിഴപാകിയ കമ്പളം..!!

വെളുത്തകാഴ്ചകൾ കണ്ടുമടുത്തിട്ടോ 
കറുത്തകാഴ്ചകൾക്കിത്രയും സൗന്ദര്യം..!
തമസ്സിൻ ഗുഹാമുഖം മെല്ലെത്തുറക്കവേ 
നിഴലുകൾ നര്ത്തനമാടുന്നു ചുറ്റിലും..!!

കുണ്ടില്ല കുഴിയില്ല മലയില്ല പുഴയില്ല 
മുഖമില്ല കളിയില്ല ഒളിയില്ലയെങ്കിലും
നിറഭേദമില്ലാത്തയിരുളിന്റെ ലോകത്തിൽ 
പുലരുവാനേറെ സുഖമുണ്ട് നിർണ്ണയം..!!

നീയില്ല ഞാനില്ല നിഴലുകൾ മാത്രമാണീ-
ലോകവിസ്മയം തീർക്കുന്നതോർക്ക നീ.. 
ഇരവില്ല പകലില്ല പകലുപോലിരവിലും
നുരയുന്ന പകയില്ല, കഥയില്ല,വ്യഥയതും..!!

ആഴപ്പരപ്പുകൾ വെട്ടത്തിൻ സൃഷ്ടികൾ.. 
മായികലോകത്തിൻ മാന്ത്രികക്കാഴ്ചകൾ..
അഭിനയകലയേതുമരങ്ങിൽ തെളിയാത്ത 
തമസ്സിന്റെ ലോകമേ നിനക്ക് സ്വസ്തീ..!!

- ജഗദീഷ് കോവളം -
  ******************