2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ഇനിയും ഞാനെന്തു വേണ്ടൂ ...

ഇനിയും ഞാനെന്തു വേണ്ടൂ ...

സുഖലോലുപതയാം ചെമ്മലർ ചൂടിഞാൻ 
ദാരിദ്ര്യവല്ലിതൻ പൂക്കളിറുത്തില്ലേ..
നഗരത്തിൻ മാന്ത്രിക മാളികയേറി ഞാൻ 
ഗ്രാമത്തിൻ സൗന്ദര്യം വരിയിൽ നിറച്ചില്ലേ..

നിറവയറേകിയോരാലസ്യം മാറ്റുവാൻ 
ഒട്ടിയ വയറിന്റെ കഥയും പറഞ്ഞില്ലേ..
ശീതീകരിച്ച മുറിയിലിരുന്നു ഞാൻ 
കൊടിയ വേനലെ കുറ്റം പറഞ്ഞില്ലേ...

ഈശ്വര ചിന്തക്ക് പോറലുവീഴ്ത്താതെ 
നിരീശ്വരക്കുപ്പായം അണിഞ്ഞവനല്ലോ ഞാൻ..
മേനിക്കഴകാം വെളുത്തപാശം ധരിച്ചു ഞാൻ 
ചാതുർവർണ്യത്തെ പുലഭ്യം പറഞ്ഞില്ലേ.. 

മലമാന്തി മാളിക മുളപ്പിച്ചതിലേറി ഞാൻ 
പുഴയുടെ ദുർഗതിയോർത്തു കരഞ്ഞില്ലേ.. 
"സ്വാതന്ത്ര്യ മാധുരി" എഴുതുവാൻ കൂട്ടിനായ് 
കൂട്ടിലെ തത്തയെ കൂട്ടിയോനല്ലേ ഞാൻ...

പാതിതന്നുദരത്തിൻ നൂല്പ്പാട് മറച്ചല്ലോ 
പേറ്റുനോവിൻ നോവ് കവിതയായ് ചമച്ചതും..
പാല്ക്കുപ്പി നുകർന്നെൻ കിടാവുറങ്ങീടവേ    
മുലപ്പാലിൻ മധുരിമ വരികളിലേകി ഞാൻ..

അടിമതൻ നോവുകൾ കണ്ടു പഠിക്കുവാൻ 
ഉടമയായ്മാറിയാത്യാഗവും ചെയ്തു ഞാൻ...
ലഹരിക്കെതിരായ പ്രബന്ധം ചമയ്ക്കുവാൻ 
സിരകളിൽ ലഹരിയതെത്ര നിറച്ചു ഞാൻ...

സാമൂഹ്യ പരിഷ്കർത്താവെന്ന പദവിയും 
സമഗ്ര സംഭാവനാ ഫലകവും പേറി ഞാൻ 
സവിനയം നില്ക്കുന്നു സമൂഹമേ നിൻമുന്നിൽ 
പറഞ്ഞാലും ... ഇനിയും ഞാനെന്തു വേണ്ടൂ ...!!

- ജഗദീഷ് കോവളം