2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

സുകൃത ക്ഷയം

സുകൃത ക്ഷയം 

പഴമതന്‍ പ്രതാപ പെരുമഴ
നിറച്ചോരോര്‍മ്മകള്‍ തന്‍
പഴം തുണി ഭാണ്ഡമിടയ്ക്കിടെ
ഭദ്രമായ്‌ തുറന്നടച്ചു കൊണ്ടാ
ക്കോലായിലെ ചാരുകസേരയില്‍
മരുവുന്നുള്ളുതകര്‍ന്നൊരുത്തരം..!!
അന്ത്യ ശ്വാസം വലിക്കുവാനാരോഗ്യം
തേടുമീ എട്ടുകെട്ടിനുള്ളിലാകവേ
പടര്‍ന്നു കയറുന്ന പച്ച ദാരിദ്ര്യ വള്ളികളില്‍
കൂടൊരുക്കുന്നു ദീര്‍ഘ നിശ്വാശക്കുരുവികള്‍...!!
കാലങ്ങളോളം ഈ പടിപ്പുര ചോദിച്ച
"അത്താഴ പഷ്ണിക്കാരുണ്ടോ...."
എന്ന ചോദ്യത്തിന്നൊരനുകൂല മറുപടി,
പടിയിറങ്ങിപ്പോയ ചോദ്യത്തിന്‍
കാലൊച്ച കാതോര്‍ത്തീക്കോലായി-
ലിന്നൊറ്റയ്ക്കിരിക്കുന്നു....!!
അനുവര്‍ത്തികള്‍ക്കൊപ്പമാജ്ഞകളുമകലവേ...
അപേക്ഷകളാ സ്ഥാനവും കൈക്കലാക്കിയോ..!!
അന്യോന്യമാഹരിക്കുവാനൊന്നിച്ചു
മത്സരിക്കുന്നാ തൊടിയിലെ കാവും കുളവും ...!!
കാവിന്മുന്നിലെ തോല്‍വിക്കുമുന്നെയാക്കുള-
ത്തിലഭയസ്ഥാനം കണ്ടെത്തിയോരന്തര്‍ജ്ജനത്തേയും 
പുറം തള്ളിയാക്കുളം മൂന്നാം പക്കം...!!
വിശപ്പിന്‍ മുറവിളി അസഹ്യമായൊരു വേളയില്‍
പ്രതീക്ഷയര്‍പ്പിച്ചു പൂജിച്ച പഞ്ചലോഹ-
പരദേവതയേയും വിദേശവാസത്തിനയച്ചു...!!
ഉത്തരം നല്കാന്‍ പ്രാപ്തമല്ലാത്തോരുത്തര-
കീഴിലിന്നും ഉത്തരം തേടി ഉഴറുന്നോരുത്തരം...!!

ജഗദീഷ് കോവളം