2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

എയര്‍ പോര്‍ട്ട്

എയര്‍ പോര്‍ട്ട് 

ചിറക് കുഴഞ്ഞ-
ണയുന്നു പക്ഷികള്‍..!!
ചിറക് വീശി 
പറക്കുന്നു പക്ഷികള്‍..!!

തളര്‍ന്ന പക്ഷിയില്‍ 
നിന്നുണര്‍വ്വോടെ ഗമിക്കുവോര്‍..
ഉണര്‍ന്ന പക്ഷിയില്‍ 
തളര്‍ന്നു മരുവുവോര്‍ ..!!!
   
ചിരിച്ചു വിടര്‍ന്നു 
കൊണ്ടണയുന്ന ചുണ്ടുകള്‍ 
വിതുമ്പി വിറകൊണ്ട-
കലുന്ന ചുണ്ടുകള്‍..!!!

വിടര്‍ന്ന കണ്ണുകള്‍.. 
നിറഞ്ഞ കണ്ണുകള്‍...
ആലിംഗനം ചെയ്യാ-
നണയുന്ന കയ്യുകള്‍..
ആലിംഗനം ചെയ്ത-
കലുന്ന കയ്യുകള്‍ ..!!

വായുവില്‍ വീശി
യണയുന്ന കയ്യുകള്‍.. 
വായുവില്‍ വീശി 
അകലുന്ന കയ്യുകള്‍...!!

ആശ്വാസവും പേറി
യണയുന്ന ചുമലുകള്‍...
പ്രാരാബ്ധവും പേറി
യകലുന്ന ചുമലുകള്‍...!!

തപ്ത നിശ്വാസങ്ങള്‍ ....
ദീര്‍ഘ നിശ്വാസങ്ങള്‍ .....!!

മൊഴിയുവാനെറെ 
വാക്കുമായെത്തുവോര്‍...
മൊഴിയുവാ-
നേതുമില്ലാതെ മടങ്ങുവോര്‍...!!

കാണാന്‍ കൊതിയോടെ 
പരതുന്ന കണ്ണുകള്‍ ..
കണ്ടു മതിവരാ 
മടങ്ങുന്ന കണ്ണുകള്‍ ..!!

തെളിയുന്ന കണ്ണുകള്‍...
ഇരുളുന്ന കണ്ണുകള്‍...
തെളിയുന്ന കണ്ണിലും 
ഇരുളുന്ന കണ്ണിലും 
പെയ്യുന്ന നീര്‍ മഴ ..!!

മിടിക്കുന്ന ചങ്കുകള്‍ ...
പിടക്കുന്ന ചങ്കുകള്‍....
കുളിരുന്ന മനസ്സുകള്‍ 
പൊള്ളുന്ന മനസ്സുകള്‍...!!

ആശ്വാസവും പേറി-
അടുക്കുന്ന മനസ്സുകള്‍..
ആശങ്കയും പേറി-
അകലുന്ന മനസ്സുകള്‍...!!  

ചിറക് കുഴഞ്ഞ-
ണയുന്നു പക്ഷികള്‍..!!
ചിറക് വീശി വീണ്ടും 
പറക്കുന്നു പക്ഷികള്‍..!!

ജഗദീഷ് കോവളം