2014, നവംബർ 24, തിങ്കളാഴ്‌ച

കാത്തിരിപ്പുകള്‍

കാത്തിരിപ്പുകള്‍ 

പകലാം താംബൂലം 
മുറുക്കി ചുവന്ന സന്ധ്യ 
പടിഞ്ഞാറ് വാനില്‍ 
നീട്ടി തുപ്പുന്നു....!!

എണ്ണയും കുഴമ്പുമേറെ 
പുരണ്ടിട്ടും 
കാലു കുഴഞ്ഞൊരു
മരകട്ടിലിപ്പോഴും 
ദുരിതം പേറുന്നു...!!  

ജീവിത സായാഹ്നത്തി-
ലേകനായൊരു ചാരുകസേര
കിഴക്കെക്കോലായില്‍ 
മോക്ഷം തിരയുന്നു...!!

മൂന്നാം കാലായി നടന്നഗ്രം 
തേഞ്ഞൊരു കാലന്‍ കുട 
ഉമ്മറത്തിണ്ണയില്‍  
കാവലിരിക്കുന്നു...!!

രാമായാത്ത  
പൂജാ മുറിയിലൊരു 
രാമായണം മോക്ഷകാണ്ഡം 
തേടി താളുമറിക്കുന്നു..!!

കാത്ത് കാത്ത് കണ്ണുപൂത്ത 
വാല്‍ ക്കിണ്ടി 
ചവുട്ട് പടിയില്‍ 
സ്വയം കാലുകഴുകുന്നു..!!

തെക്കേ തൊടിയി-
ലക്ഷമനായൊരു 
വൃദ്ധന്‍ മാവിപ്പോഴും 
പച്ചകാക്കുന്നു..!!

ഒറ്റപ്പെടലിന്റെ 
തേങ്ങലടക്കി 
ആറടിമണ്ണ് 
അവകാശിയെ തേടുന്നു..!!

തൊണ്ടയില്‍ കുരുങ്ങിയ 
കൂവലൊഴിക്കുവാന്‍   
കാലന്‍ കോഴി 
കൊക്ക് കുടയുന്നു..!!

കരവിളിയും 
കാതോര്‍ത്തൊരു 
ബലിക്കാക്ക കൂട്ടിലു-
റക്കമിളയ്ക്കുന്നു..!!

കാത്തിരിപ്പിന്‍ കദന-
മറിയാതിപ്പോഴും 
ചിത്രഗുപ്തന്‍ 
കണക്കുകള്‍ തിരയുന്നു..!!

ജഗദീഷ് കോവളം

2014, നവംബർ 15, ശനിയാഴ്‌ച

മുഖമകന്നവര്‍

മുഖമകന്നവര്‍  

പകലുകള്‍ അവള്‍ക്ക് 
അന്യമായിരുന്നു..!!
അവളുടെ പകലുകള്‍ക്ക്‌ 
പ്രകാശമില്ലായിരുന്നു...!!
 ബന്ധങ്ങളും ബന്ധുക്കളും 
ഇല്ലായിരുന്നു....!!
പടിക്കുപുറത്ത് 
പാദരക്ഷകളും...!!

പകലുകളില്‍ 
അപരിചിതയായവള്‍..!! 
പകലുകള്‍ക്കും
അപരിചിതയവള്‍...!!
അവള്‍ക്ക് 
മുഖമുണ്ടായിരുന്നില്ല...!!
പേരും....!!

ഇരുളു വീഴുമ്പോള്‍ 
അവളില്‍ പകല്‍ ജനിക്കും..!!
അവള്‍ക്കു ബന്ധങ്ങളുണ്ടാകും 
ബന്ധുക്കളും...!!
മാറ് നുണഞ്ഞ വായ
"മോളേ'യെന്നു വിളിക്കുമ്പോള്‍ 
അവളോരേ സമയം 
അമ്മയും മകളുമാകും..!!
മാംസ ദണ്ടുകള്‍ക്കവള്‍ 
ഭാര്യയും കാമുകിയുമാകും..!! 

അവള്‍ക്ക് ഒട്ടേറെപ്പേരുണ്ടാകും..!!
പേരുകളും..!!

അപ്പോഴും അവള്‍ക്കു-
മുഖമുണ്ടായിരുന്നില്ല..!!
കിനിഞ്ഞു കത്തുന്ന    
മണ്ണെണ്ണ വെളിച്ചത്തില്‍ 
ആരും അവളുടെ മുഖം തിരഞ്ഞില്ല..!!
അവളും.....!!

മാറിലെ നഖക്ഷതങ്ങള്‍ക്കൊ..
കാലിടുക്കുകള്‍ കവിയുന്ന 
ഇനിയും മരിക്കാത്ത ബീജവാഹികളാം
ലാവ പ്രവാഹത്തിനോ  
അവളവകാശികളെ തിരഞ്ഞില്ല...!! 
കാരണം...
അവള്‍ക്കു മാത്രമല്ല....  
അവകാശികള്‍ക്കും
മുഖമുണ്ടായിരുന്നില്ല..!!

ജഗദീഷ് കോവളം