2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കഴുമരച്ചുവട്ടിലെ കണ്ണുകള്‍

കഴുമരച്ചുവട്ടിലെ കണ്ണുകള്‍ 

ചത്തിട്ടും ചലിക്കുന്നുണ്ട് ..!!
ഈറനകന്ന് വിളറി വെളുത്ത്
തുറിച്ചിരിക്കുന്നു ...
ചത്ത മീനിന്റെ കണ്ണുപോലെ..!!

വിഹ്വലത ഉണര്‍ത്തുമ്പോഴും
നിസ്സഹായതയുടെ പീളകള്‍..
ചേര്‍ത്തമര്‍ത്തുന്നിമകളെ...!!

ഇടംവലം ചലിക്കുന്ന
തലയ്ക്കൊപ്പം
പരതുന്നുണ്ട്..
ഇടതടവില്ലാതെ ...!!

വെളിച്ചമകന്നെന്നാലും..
ഇരുള്  മൂടിയിട്ടില്ല..!!

ഗര്‍ഭത്തില്‍ മരിച്ചതോ..
ഗ്രഹണം മറച്ചതോ ...
പ്രതീക്ഷാ കിരണങ്ങള്‍
ഉദയം മറന്നതോ ...!!

നിര്‍ജലങ്ങലാണ്...
നിര്‍വികാരത പോലും
വേരറ്റ മരം പോലെ... !!

തൃസന്ധ്യയിലെ
ഇലയനക്കങ്ങള്‍ പോലെ
ഇമയനക്കങ്ങള്‍...!!

നഷ്ട ബോധമോ...
കുറ്റ ബോധമോ....
കണ്‍ തടങ്ങളില്‍
വരപ്പതീ കാളിമ..!!

ജഗദീഷ് കോവളം 

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

കണ്ണുകള്‍ പറയുമ്പോള്‍

കണ്ണുകള്‍ പറയുമ്പോള്‍ 

പറഞ്ഞതൊക്കെയും 
നിന്റെ കണ്ണുകളായിരുന്നു..!!
കറുത്തതും വെളുത്തതും..
കരഞ്ഞതും ചിരിച്ചതും..
നീ...
കാത്തുവച്ചതൊക്കെയും 
കണ്ണുകളില്‍  ആയിരുന്നു..!!

ഇഷ്ടാനിഷ്ടങ്ങളും,
വികാര വിചാരങ്ങളും, 
വായിച്ചറിഞ്ഞതും നിന്‍ 
മിഴികളില്‍ നിന്നല്ലോ..!!

നിന്റെ കണ്ണുകളുടെ 
ആഴവും പരപ്പും
അമ്പരപ്പിച്ചിട്ടുന്റെന്നെ..!!

ആഴിയിലേറെ നിഗൂഢതകളാ-
കറുപ്പിലും വെളുപ്പിലും
'സപ്ത വര്‍ണ്ണങ്ങളില്‍'  
തെളിയിച്ചൊളിപ്പിച്ചതും
ഒളിപ്പിച്ചു തെളിയിച്ചതും..
മൗനമായ് മൊഴിഞ്ഞതും 
മോഹം മുളപ്പിച്ചതും..
പറയാതെ പറഞ്ഞതും..
ഒക്കെയും നിന്‍
കണ്ണുകളായിരുന്നു.. !!

ഒടുവിലൊരു ദിനം 
ഒരു തുള്ളി നീരിനാ-
ലൊക്കെയും നീ 
ഒഴുക്കിക്കളഞ്ഞപ്പോള്‍
ശൂന്യമായ നിന്‍ മിഴികളില്‍
ഞാന്‍ തിരഞ്ഞത് ..
എന്നെയായിരുന്നു..!!

നിന്റെ കണ്ണുകള്‍ 
പറഞ്ഞതൊക്കെയും 
പകര്‍ത്തിയെഴുതിയ ..
എന്നെ ...!!!

ജഗദീഷ് കോവളം