2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

നിന്‍ നിഴലായി

നിന്‍ നിഴലായി 

താഴിട്ടടയ്ക്കാത്തമനസ്സിന്‍ പാളികള്‍ 
മലര്‍ക്കെതുറന്നു നീയാഗമിക്കുംപോള്‍ 
അനുവാദമേകാതെയന്തരംഗം നിന്നില-
നുരാഗ വിവശനായനുഗമിചോ... 

ജീവിത പന്ധാവില്‍  തണലുതേടി  
പ്രണയത്തിന്‍  പാഥേയപൊതിയഴിച്ച-  
ന്യോന്യമൂട്ടുംപോള്‍ സിംഹഭാഗം 
നിനക്കായേകിയതോര്മ്മയില്ലേ... 

ജീവിതയാത്രയിലെന്നുമെന്നും 
നിഴലായെന്നെ അനുഗമിക്കാമെന്നുനീ
മൊഴിഞ്ഞതിന്‍  പൊരുളറിയുന്നു ഞാനി-
ന്നന്ധകാരത്തിലകപ്പെടുമ്പോള്‍...

കൂരിരുള്‍ തിങ്ങുമീ വഴിത്താരയി- 
ലേകനായലയുന്നു ദിക്കുതെറ്റി 
തിരയുന്നു മാഞ്ഞൊരെന്‍ നിഴലിനോപ്പം
നീകൂടി  തെളിയുന്ന കാഴ്ച്ച കാണാന്‍ 

ജഗദീഷ് കോവളം 

  

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

ഓര്‍മ്മയില്‍ ഒരു വിഷു

ഓര്‍മ്മയില്‍ ഒരു വിഷു 

മഞ്ഞ കണികൊന്നപൂത്തു 
മേടമാസമായ്.....
മീനച്ചൂടോടിയകന്നു
മേടമാസമായ്... (മഞ്ഞക്കണി...)

കണിയൊന്നുകാണുവാന്‍.. 
കൈനീട്ടം വാങ്ങുവാന്‍ ...
മലയാളി മനം തുടിച്ചു ......
മേടമാസമായ്.... (മഞ്ഞക്കണി..) 

മീനവെയില്‍ ചൂടില്‍ 
തളിരിട്ട മോഹങ്ങള്‍
മേടമാസ പുലരിയില്‍ 
പൊന്‍ കണിപ്പൂക്കളായ് (മഞ്ഞക്കണി...)

മലനാടിന്‍ പാടങ്ങളില്‍..
ഞാറ്റുവേലപ്പാട്ടുണര്‍ന്നു..
പത്തായപുരകളാകെ...
പൊന്‍ നെന്‍മണിനിറഞ്ഞു... (മഞ്ഞക്കണി...)

കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ 
പനം തത്ത പാട്ടുമൂളി...
തൂവെള്ള കൊറ്റികള്‍ തന്‍-
നടനമൊരുങ്ങി.... (മഞ്ഞക്കണി...)

ബാല്യത്തിന്‍ തുടിപ്പുകള്‍ 
പാടങ്ങളില്‍ നടമാടി...
നിളയുടെ തീരങ്ങളില്‍ 
ഞാറ്റുപാട്ടിന്നീണമായി.. (മഞ്ഞക്കണി...)

കണ്ണന്നു കാഴ്ചയുമായ്...
മാലോകരണയുംപോള്‍...
കണ്ണിന്നു കാഴ്ച്ചയായി..
കണിവെള്ളരി നിരന്നു... (മഞ്ഞക്കണി...)

ഓര്‍ക്കുമ്പോള്‍ മനതാരില്‍ 
മൊട്ടിടുമോര്‍മ്മകള്‍..
മീനവെയില്‍ ചൂടിലും..
തളിരിടും കൊന്നപോല്‍... (മഞ്ഞക്കണി ..) 

ജഗദീഷ് കോവളം